പെരുമ്പാവൂർ: കോടനാട് പൊലീസ് സ്‌റ്റേഷനുസമീപം കുറിച്ചിലക്കോട് ജങ്ഷനിലെ കാന മണ്ണിട്ട് നികത്തുന്നതിൽ പ്രതിഷേധം. മഴ പെയ്താൽ വെള്ളക്കെട്ടുള്ള ജങ്ഷനിലെ കാനയാണ് ഏതാനുംപേർ ചേർന്ന് നികത്തുന്നത്. റോഡിന് വീതികൂട്ടാൻ പിഡബ്ല്യുഡി കാന നികത്തുന്നുവെന്നാണ് പറയുന്നത്. ഇരുവശത്തുമുള്ള കൈയേറ്റങ്ങൾ ഒഴിവാക്കി വീതികൂട്ടാനാണ് റോഡ് വികസനസമിതി തീരുമാനിച്ചത്. എന്നാൽ, അനുമതിയില്ലാതെ പുഞ്ചക്കൃഷി പാലത്തിനുസമീപം പൊതുമരാമത്തുവകുപ്പ് കൂട്ടിയിട്ട മണ്ണ് ലോറിയിലെത്തിച്ചാണ് കാന മൂടുന്നത്. നാട്ടുകാർ എതിർത്തതോടെ കാനയിൽ മണ്ണിടുന്നത് പൊലീസ് തടഞ്ഞു. കാനയിലെ മണ്ണ് നീക്കി മുകളിൽ സ്ലാബിട്ട് പൂർവസ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം കോടനാട് ലോക്കൽ സെക്രട്ടറി പി ശിവൻ പൊതുമരാമത്തുമന്ത്രിക്കും കലക്ടർക്കും പരാതി നൽകി.











