പെരുമ്പാവൂർ: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എല്ലാ മുന്നണികളും തങ്ങളുടെ സ്ഥാനാർത്ഥിളെ ജനങ്ങൾക്ക് മുന്നിലെത്തിക്കാനുള്ള തിടുക്കത്തിലുമാണ്. എന്നാൽ ഇപ്പോഴും വരുന്ന അഞ്ച് വർഷം ജനങ്ങളെ സേവിക്കാൻ ആരെ തെരഞ്ഞെടുക്കുണമെന്ന് ഉറപ്പിക്കാനാവാതെ കുഴയുകയാണ് രാഷ്ട്രീയ പാർട്ടികൾ. സംവരണം, ഘടകകക്ഷി ചർച്ചകൾ, മുന്നണി തീരുമാനങ്ങൾ എന്നിങ്ങനെ ഓരോരോ കാര്യങ്ങൾ പറഞ്ഞ് സ്ഥാനാർത്ഥി നിർണ്ണയം നീണ്ടു പോകുന്ന സാഹചര്യമാണ് നിലവിൽ രാഷ്ട്രീയ കേരളം കണ്ടു കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് വാർത്തകളിൽ നിറയുന്ന മണ്ഡലമാണ് പെരുമ്പാവൂർ നിയോജക മണ്ഡലം. പെരുമ്പാവൂർ മുൻസിപ്പാലിറ്റി, അശമന്നൂർ, കൂവപ്പടി, മുടക്കുഴ, ഒക്കൽ, രായമംഗലം, വെങ്ങോല, വേങ്ങൂർ എന്നിങ്ങനെ ഒരു മുൻസിപ്പാലിറ്റിയും ഏഴ് പഞ്ചായത്തുകളും അടങ്ങുന്നതാണ് പെരുമ്പാവൂർ നിയോജക മണ്ഡലം. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ തകൃതിയായി നടക്കുകയാണ് ഇവിടെയെല്ലാം. എന്നാൽ ധൈര്യമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ നേതാക്കൾക്കാവുന്നില്ലെന്നതാണ് വസ്തുത.
അശമന്നൂർ ഗ്രാമപഞ്ചായത്തിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാൽ രണ്ട് മുന്നണികളാണ് പ്രധാനമായും മത്സരംഗത്തുള്ളത്. എൽഡിഎഫും യുഡിഎഫും പഞ്ചായത്തിലെ 15 വാർഡുകളിലേക്കും സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. എൽഡിഎഫ് ഇതേ വരെ തങ്ങളുടെ സ്ഥാനാർത്ഥി തീരുമാനത്തിൽ എത്തിയിട്ടില്ല. ഇനിയും ദിവസങ്ങൾ കഴിഞ്ഞാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂവെന്നാണ് പാർട്ടി ലോക്കൽ സെക്രട്ടറി അറിയിച്ചത്. എന്നാൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഒരു പടി മുന്നിൽ കടന്നിരിക്കുകയാണ് യുഡിഎഫ്. എല്ലാ വാർഡുകളിലെയും സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കാൻ ആയിട്ടില്ലെങ്കിലും ആറിലധികം വാർഡുകളിൽ അവസാന ചിത്രം തെളിഞ്ഞു കഴിഞ്ഞു. വരും ദിവസങ്ങളിൽ മറ്റ് വാർഡുകളിലെയും ധാരണയാകുമെന്നാണ് വലത് നേതൃത്വം അറിയിച്ചത്.
വെങ്ങോല പഞ്ചായത്തിലെ ഇടത് വലത് മുന്നണികൾ സ്ഥാനാർത്ഥി പ്രഖ്യാപനം ഏറെക്കുറെ പൂർത്തിയാക്കി കഴിഞ്ഞു. തെരഞ്ഞെടുപ്പിനെ ആത്മ വിശ്വാസത്തോടെ നേരിടാൻ ഒരുങ്ങുകയാണ് ഇവർ. യുഡിഎഫ്, എൽഡിഎഫ്, ബിജെപി എന്നിവർ ത്രികോണ പോരാട്ടം കാഴ്ച്ചവെക്കുന്ന കൂവപ്പടിയും സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കിയിട്ടില്ല. മുടക്കുഴ ഗ്രാമപഞ്ചായത്തിൽ മൂന്ന് വാർഡുകളിൽ മാത്രമാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. അതേസമയം, എൽഡിഎഫും ബിജെപിയും ആറും രണ്ടും വീതം വാർഡികളിലെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കി. പെരുമ്പാവൂർ മുൻസിപ്പാലിറ്റി, ഒക്കൽ, രായമംഗലം, വേങ്ങൂർ പഞ്ചായത്തുകളിലും സ്ഥാനാർത്ഥി നിർണ്ണയം അനിശ്ചിതത്വത്തിലാണെന്നാണ് പാർട്ടി നേതാക്കളിൽ നിന്ന് ലഭിക്കുന്ന സൂചന.
തെരഞ്ഞെടുപ്പിനെ ആവേശത്തോടെ നേരിടാനാണ് വിവിധ പാർട്ടികളുടെ തീരുമാനം. സ്ഥാനാർത്ഥി നിർണ്ണയം അൽപ്പം വൈകിയാലും കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണനേട്ടവും ഭരണകോട്ടവും ഉയർത്തി കാട്ടിയുള്ള തെരഞ്ഞെടുപ്പ് തന്ത്രമാണ് നേതാക്കൾ ഉദ്ദേശിക്കുന്നത്.











