പെരുമ്പാവൂർ: നടപ്പാത കയ്യേറി കാൽനടയാത്രയ്ക്ക് ഇടമില്ലാതെ ഫുട് പാത്തിലേക്ക് ഇറക്കി  കച്ചവടം പൊടി പൊടിക്കുമ്പോൾ  വഴിയാത്രക്കാർ ദുരിതമനുഭവിക്കുന്നു. പെരുമ്പാവൂരിലെ ഏറ്റവും തിരക്കേറിയ പുഷ്പാ ജംഗ്ഷനിൽ പഴം പച്ചക്കറി കടയുടമയുടെ വർണ്ണ കുടയും കരിക്കു വെട്ടാനുള്ള മര കുറ്റിയും മറ്റും ഇത്തിരി മാത്രമുള്ള നടപ്പാതയിൽ നിരത്തി  കാൽനടയാത്ര  അസാധ്യമാക്കിയിട്ട് നാളുകൾ ഏറെയായി .
ഉടമയുടെ ടൂവീലറും കച്ചവട പരസ്യത്തിനായുള്ള കുത്തു ബോർഡുകളും എല്ലാം സ്ഥിരമായി നടപ്പാതയിൽ തന്നെയാണ്. കടയിലെ മറ്റു വേസ്റ്റുകൾ കാനയിലേക്ക് തന്നെയാണ് തള്ളുന്നത്.കരിക്ക് വെട്ടുന്നതിന്റെ വേസ്റ്റ് ചിരട്ടയും മടലും ചാക്കിൽ കെട്ടിയും മറ്റും സ്ഥിരമായി ഫുട്പാത്തിൽ കൂട്ടിവയ്ക്കുന്നു. കരിക്ക്  തൂക്കിയിടുന്നതും പൊതുവഴിയിൽ തന്നെ.പച്ചക്കറി മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി തലച്ചുമടായും മറ്റും  വരുന്ന  വഴിയാത്രക്കാർക്ക് ആണ് ഏറെ ദുരിതം.നടപ്പാതയിൽ നടക്കാൻ സ്ഥലമില്ലാത്തതിനാൽ ടാറിട്ട റോഡിലേക്ക് കയറിയാൽ അപകടം ഉറപ്പ് .
അല്ലെങ്കിൽ വാഹന  ഡ്രൈവർമാരുടെ തെറി കേൾക്കേണ്ടിവരുന്ന അവസ്ഥ.വഴിയാത്രക്കാർ  റോഡിലേക്ക് കയറി നടക്കുന്നതിനാൽ  ബസ് സ്റ്റാൻഡിൽ നിന്നും കയറിവരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റു ബസ് കൾക്ക് എ എം റോഡിലേക്ക് തിരിക്കാനും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. എപ്പോഴും തിരക്കുള്ള ആലുവ മൂന്നാർ റോഡിലെ കുപ്പി കഴുത്തു പോലുള്ള പുഷ്പ ജംഗ്ഷനിൽ ഇതുമൂലം ഗതാഗത തടസവും വാഹന അപകടങ്ങളും പതിവാണ്. പൊതുവഴിയിലെ പരസ്യമായ കയ്യേറ്റം കണ്ടിട്ടും വഴിയോര കച്ചവടക്കാരെ ആട്ടിയോടിക്കുന്ന നഗരസഭ അധികൃതർക്ക് മിണ്ടാട്ടമില്ല. പെരുമ്പാവൂർ പോലീസും വാഹന വകുപ്പും കണ്ണടച്ച് ഇരുട്ടാക്കുകയാണ്. അടിയിന്തരമായി നടപ്പാതയിലെ കയ്യേറ്റം ഒഴിപ്പിച്ച് വഴിയാത്ര സുഗമമാക്കണമെന്നാണ് വഴിയാത്രക്കാരുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here