പെരുമ്പാവൂർ; കൂവപ്പടി ഗവ. പോളിടെക്നിക് കോളേജിലെ എൻസിസി കേഡറ്റ് സുരേഷ് ബഹദൂർ ബിസ്റ്റിനെ (20) മധ്യപ്രദേശിലെ ഗ്വാളിയോറിൽ നടക്കുന്ന ദേശീയ റോക്ക് ക്ലൈമ്പിങ് പരിശീലന ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. നവംബർ 25ന് ദേശീയ കേഡറ്റ് കോർപ്‌സ് സംഘടിപ്പിക്കുന്ന ക്യാമ്പ് രാജ്യത്തെ മികച്ച കേഡറ്റുകളെയാണ് തെരഞ്ഞെടുക്കുന്നത്. കേരളത്തിൽനിന്ന് 28 പേരാണ് പങ്കെടുക്കുന്നത്. കഠിനമായ പർവതാരോഹണ പരിശീലനത്തിലൂടെ ധൈര്യം, ആത്മവിശ്വാസം, ശാരീരിക ക്ഷമത, നേതൃത്വഗുണം തുടങ്ങിയവ വളർത്തുകയാണ് ലക്ഷ്യം. നേപ്പാൾ സ്വദേശികളായ ബിർ ബഹദൂർ ബിസ്റ്റിന്റെയും ലക്ഷ്മി ദേവി ബിസ്റ്റിന്റെയും മകനായ സുരേഷ് ബഹദൂർ ബിസ്റ്റ് കോളേജിലെ കംപ്യൂട്ടർ എൻജിനിയറിങ് വിദ്യാർഥിയാണ്. 30 വർഷംമുമ്പ് കേരളത്തിലെത്തിയ കുടുംബം കാലടി രോഹിണി വീട്ടിലാണ് താമസം. കോളേജ് പ്രിൻസിപ്പൽ എൻ എ മായ ബെൻ, എൻസിസി ഓഫീസർ കെ മുഹമ്മദ് സാലിഹ് എന്നിവർ ചേർന്ന് സുരേഷ് ബഹദൂർ ബിസ്റ്റിനെ അനുമോദിച്ചു.











