കുറുപ്പംപടി : അശമന്നൂർ പഞ്ചായത്ത് ഓഫീസിൽ ഭരണപക്ഷ പ്രതിപക്ഷ മെമ്പർമാർ തമ്മിൽ കയ്യാങ്കളിയും വാക്കേറ്റവും. പഞ്ചായത്ത് ഓഫീസിന് മുമ്പിലെ കിണറിനോട് ചേർന്ന് മാലിന്യം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ രൂക്ഷമായത്. പഞ്ചായത്ത് ഓഫീസിന് മുന്നിലെ കക്കൂസ് ടാങ്ക് പൊട്ടി മാലിന്യം കിണറിലേക്ക് ഒഴുകുകയാണ് എന്നും കിണർ വെള്ളം ആശുദ്ധമാണെന്നും അടിയന്തിരമായി കിണർ ശുദ്ധീകരിക്കണമെന്നും പ്രതിപക്ഷ മെമ്പർമാർ ആവശ്യപ്പെട്ടു. ഓടക്കാലി ടൗൺ ക്ലീൻ ചെയ്യുന്ന മാലിന്യങ്ങൾ, ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ എന്നിവയെല്ലാം പഞ്ചായത്ത് ഓഫീസിന് മുന്നിലെ കിണറിനോട് ചേർന്നാണ് നിക്ഷേപിച്ചത്. കഴിഞ്ഞ മൂന്നാഴ്ച മുമ്പ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പഞ്ചായത്ത് സെക്രട്ടറിയോട് മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നുവത്രെ. എന്നാൽ ഒരു നടപടിയും സ്വീകരിക്കാൻ പഞ്ചായത്ത് ഉദ്യോഗസ്ഥർ തയ്യാറായില്ല. പഞ്ചായത്ത് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ ഭരണ സമിതി ക്ക് കഴിയില്ലെങ്കിൽ രാജിവച്ചു പോകുന്നതാണ് നല്ലതെന്ന് പ്രതിപക്ഷ മെമ്പർമാർ പറഞ്ഞു.
കിണറിനോട് ചേർന്നുള്ള മാലിന്യം നീക്കം ചെയ്യാതെ ഞങ്ങൾ പിരിഞ്ഞു പോകില്ല എന്ന് പ്രതിപക്ഷ മെമ്പർമാരായ പി കെ ജമാൽ, സുബൈദപരീത്, എൻ എം നൗഷാദ്,പി പി രഘുകുമാർ,എന്നിവർ വാശിപിടിച്ചതോടെ നിർവാഹമില്ലാത്ത സാഹചര്യത്തിൽ പഞ്ചായത്ത് ഉദ്യോഗസ്ഥരും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളും ചേർന്ന് മാലിന്യങ്ങൾ നീക്കം ചെയ്തു.
കേരള പഞ്ചായത്തീരാജ് നിയമം (1994) വകുപ്പ് 219 പ്രകാരം മാലിന്യം നിക്ഷേപിക്കുകയോ ഒഴുക്കി വിടുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ് . 25,000 രൂപ വരെ പിഴയും ഒരു വർഷത്തിൽ കവിയാത്ത തടവ് ശിക്ഷ വിധിക്കാവുന്ന കുറ്റം ചെയ്ത ഭരണ സമിതിക്കെതിരായ പ്രതിഷേധം പ്രതിപക്ഷംശക്തമാക്കിയിരിക്കുകയാണ്..