അശമന്നൂർ: അശമന്നൂർ പഞ്ചായത്തിൽ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാർത്ഥി നിർണ്ണയം ആവേശ വേഗത്തിലാണ്. അർഹരായ സ്ഥാനാർത്ഥികളെ ജനങ്ങൾക്ക് മുന്നിലെത്തിച്ച് വിജയത്തിലേക്കുള്ള ആദ്യ പടി ഉറപ്പിക്കുന്നതിലുള്ള തിരക്കിലാണ് പഞ്ചായത്തിലെ വിവിധ പാർട്ടികൾ. ഇവരെ കണ്ടെത്തുന്നതിലാണ് നേതൃത്വത്തിന് തലവേദന. തെരഞ്ഞെടുപ്പിന് മത്സരിക്കാൻ തയ്യാറെടുത്തിരുന്നവരുടെ വാർഡുകൾ സംവരണമായതോടെ, ഇതര വാർഡുകൾ ആവശപ്പെട്ടുന്നതും നേതാക്കളുടെ ചില കടുംപിടുത്തങ്ങളും തലമുറ മാറ്റങ്ങളും ആവശ്യപ്പെട്ടുമൊക്കെയുളള ചർച്ചകളും വിവിധയിടങ്ങളിൽ അവസാനിക്കുന്നത് വാഗ്വാദങ്ങളിലും വെല്ലുവിളികളിലും ഭീഷണികളിലുമാണ്.
മുന്നണികളിലും ഘടകക്ഷികൾ തമ്മിലുളള പതിവ് തർക്കങ്ങളും ഇതോടൊപ്പം ശക്‌തി പ്രാപിക്കുന്നുണ്ട്. പ്രചരണത്തിന് മുമ്പേയുളള എതിരഭിപ്രായങ്ങൾ കൂടുതൽ വിമത സ്ഥാനാർത്ഥികളെ സമ്മാനിക്കുന്നതും വിചിത്ര സഖ്യങ്ങളിലേക്കുമാണ് പല വാർഡുകളിലേക്കും കാര്യങ്ങൾ നീങ്ങുന്നത്. ഇതിനിടെ, സാഹചര്യങ്ങൾ മുതലെടുത്ത് പ്രചരണം ഉൾപ്പെടെ നേരത്തേ ആരംഭിച്ചിരിക്കുകയാണ് ചില ചെറുപാർട്ടികളും നവപാർട്ടികളും. അടുത്ത മാസം അഞ്ചാം തീയതിയോടെ തെരഞ്ഞെടുപ്പ് പ്രഖാപനം വരുമെന്ന ധാരണയിൽ പാർട്ടികളുടെ സ്ഥാനാർത്ഥി ധാരണകളും മറ്റും അതിന് മുന്നേ തീർക്കാനാവൻ കഴിയാതെ കുഴങ്ങുകയാണ് പഞ്ചായത്തിലെ വിവിധ പാർട്ടി നേതാക്കൾ.











