രായമം​ഗലം: അഞ്ചു വർഷത്തിനിടയിൽ നടന്ന വികസന നേട്ടങ്ങൾ വിശദീകരിച്ച് രായമംഗലം ഗ്രാമപഞ്ചായത്ത്. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി 14.51 കോടി ചിലവഴിച്ച് 259 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകാൻ സാധിച്ചു. 82 കുടുംബങ്ങൾക്ക് വീടും സ്ഥലവും ലഭ്യമാക്കി. 495 വീടുകൾ വാസയോഗ്യമാക്കി. 3.62 കോടി രൂപ ചിലവഴിച്ച് പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളും സ്മാർട്ട് ആക്കി മാറ്റാൻ സാധിച്ചു.

വിദ്യാഭ്യാസ രംഗത്ത് 1.19 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു. പട്ടികജാതി പട്ടികവർഗ്ഗ വികസനത്തിനായി 7.71 കോടി രൂപ പഞ്ചായത്ത് ചിലവഴിച്ചു. ഭിന്നശേഷി വിഭാഗത്തിന്റെ ക്ഷേമത്തിനായി 1.97 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടത്തി. വയോജനങ്ങൾക്കായി 1.7 0 കോടി രൂപയുടെ പ്രവർത്തനങ്ങൾ പഞ്ചായത്തിൽ നടപ്പിലാക്കി. വനിതകളുടെ ക്ഷേമത്തിനും സംരംഭങ്ങൾ തുടങ്ങുന്നതിനുമായി 2.40 കോടി രൂപ പഞ്ചായത്ത് ചിലവഴിച്ചു. ഫുഡ് പ്രോസസിംഗ് യൂണിറ്റ്, പുതിയ സംരംഭകേന്ദ്രം, അമൃതം യൂണിറ്റിന് പുതിയ കെട്ടിടം, വനിതാ കേന്ദ്രം തുടങ്ങിയ പദ്ധതികളാണ് വനിതകൾക്കായി നടപ്പിലാക്കിയത്.

ജില്ലയിലെ മികച്ച സിഡിഎസിനുള്ള അവാർഡും, മാലിന്യമുക്ത നവ കേരള കാമ്പയിനിൽ ജില്ലയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കാൻ പഞ്ചായത്തിന് സാധിച്ചു. ആരോഗ്യരംഗത്തെ ക്ഷേമ പ്രവർത്തനങ്ങൾക്കായി 5.2 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിൽ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ പഞ്ചായത്തിന് സാധിച്ചു. പഞ്ചായത്തിലെ അഞ്ച് ജനകീയ ആരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളും മികച്ചതാണ്. പുല്ലുവഴി, കീഴില്ലം സെന്ററുകൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുരസ്കാരം ലഭിക്കുകയുണ്ടായി.

പാലിയേറ്റീവ് കെയറിനും ഡയാലിസിസിനുമായി 46.64 ലക്ഷം രൂപ ചെലവഴിച്ചു. മാലിന്യനിർമാർജന പ്രവർത്തനങ്ങൾക്കായി 1.69 കോടി രൂപയാണ് ചിലവഴിച്ചത്. കാർഷിക രംഗത്തും മികച്ച പ്രവർത്തനങ്ങളാണ് പഞ്ചായത്ത് കാഴ്ചവച്ചിട്ടുള്ളത്. 2.69 കോടി രൂപയുടെ പദ്ധതികളാണ് കാർഷിക വികസനത്തിനായി നടപ്പാക്കിയത്. തോടുകൾ ചിറ എന്നിവയുടെ നവീകരണത്തിനായി 1.63 കോടി രൂപ ചിലവഴിച്ചു. റോഡ് നവീകരണത്തിനായി 28.97 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കി. 71 പുതിയ റോഡുകൾ നിർമ്മിച്ചു.

വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞാണ് വരും തെരഞ്ഞെടുപ്പിനായി ഇവർ തയാറെടുക്കുന്നത്. തികഞ്ഞ ആത്മ വിശ്വാസത്തിലും വിജയ പ്രതീക്ഷയിലുമാണ് ഭരണപക്ഷം.

LEAVE A REPLY

Please enter your comment!
Please enter your name here