പെരുമ്പാവൂർ: കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനിടെ അഞ്ചുവർഷം മാത്രം പഴക്കമുള്ള രണ്ട് ശുചിമുറികളും ഔഷധസസ്യ ഉദ്യാനവും നശിപ്പിച്ചതായി പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പരാതി. മൂന്നര ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ശുചിമുറികൾ അനുമതിയില്ലാതെ പൊളിച്ചുനീക്കിയെന്ന പരാതിയിൽ നഗരസഭ എൻജിനീയറിങ് വിഭാഗം സ്ഥലത്ത് പരിശോധന നടത്തി നിർമാണപ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ടു.സ്കൂളിലെ കാലപ്പഴക്കം ചെന്ന അഞ്ച് കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ നഗരസഭയുടെയും പി.ടി.എയുടെയും അനുമതി ലഭിച്ചിരുന്നു. എന്നാൽ ഇതിന്റെ മറവിൽ അഞ്ച് വർഷം മുമ്പ് നിർമിച്ച രണ്ട് ശുചിമുറികൾ കൂടി പൊളിച്ചുനീക്കിയെന്നാണ് ആരോപണം. നഗരസഭ ചെയർപേഴ്സൺ, എൻജിനീയറിങ് വിഭാഗം, പി.ടി.എ പ്രസിഡന്റ്, പ്രധാനാധ്യാപകൻ എന്നിവർ അറിയാതെയാണ് നടപടികൾ നടന്നതെന്നും പരാതിയിൽ പറയുന്നു.സംഭവത്തിൽ വാർഡ് കൗൺസിലറും സ്കൂൾ രക്ഷാധികാരിയുമായ ഹൈറുസ നസീർ നഗരസഭയ്ക്ക് പരാതി നൽകി. ശുചിമുറികൾ പൊളിച്ചുനീക്കിയതിന് പിന്നിൽ ആരാണെന്ന് കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.ശുചിമുറികൾ പൊളിച്ചുണ്ടായ സ്ക്രാപ്പ് സാധനങ്ങളും വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുമായി ബന്ധപ്പെട്ട ഉപകരണങ്ങളും ഉൾപ്പെടെയുള്ളവ വിറ്റതിലൂടെ ഏകദേശം 70,000 രൂപ ലഭിച്ചെന്നും ഈ തുക നഗരസഭയിൽ അടയ്ക്കാതെ ചെലവഴിച്ചതായും ആരോപണമുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.സ്കൂളിൽ ഉണ്ടായിരുന്ന ഔഷധസസ്യ ഉദ്യാനവും പൂർണമായി നശിപ്പിച്ച് സ്ഥലം നിരപ്പാക്കിയ നിലയിലാണെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. പ്രിൻസിപ്പലിന്റെയും പി.ടി.എയുടെയും അറിവോ സമ്മതമോ ഇല്ലാതെയാണ് ഇതെല്ലാം നടന്നതെന്നാണ് ആരോപണം.പൊളിച്ചുനീക്കലിന് അനുമതി നൽകിയത് ആർക്കാണ്, അഞ്ച് വർഷം മാത്രം പഴക്കമുള്ള ശുചിമുറികൾ പൊളിക്കേണ്ട സാഹചര്യമെന്താണ്, സ്ക്രാപ്പ് വിറ്റ തുക എവിടെയെത്തി തുടങ്ങിയ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കേണ്ടതുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
What do you feel about this post?

Like

Love

Happy

Haha

Sad











