പെരുമ്പാവൂർ: അങ്കമാലി – ശബരി റെയിൽവേ പാതയ്ക്കായി അതിരുതിരിച്ച് കല്ലിട്ട ഭൂമിയുടെ വില എത്രയും വേഗം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ശബരി റെയിൽവേ സ്ഥലമുടമകളുടെ അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി.പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടികൾ വേഗത്തിലാക്കാൻ പെരുമ്പാവൂർ, പാലാ എന്നിവിടങ്ങളിൽ പുതിയ ലാൻഡ് അക്വിസിഷൻ ഓഫീസുകൾ ആരംഭിക്കണമെന്നും നിലവിലുള്ള മൂവാറ്റുപുഴ, തൊടുപുഴ ഓഫീസുകളിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ അസോസിയേഷൻ പ്രതിനിധികൾ ആവശ്യപ്പെട്ടു.മൂന്ന് പതിറ്റാണ്ട് മുൻപ് പദ്ധതിക്കായി അതിരുതിരിച്ച് കല്ലിട്ടതിനാൽ ഭൂമി വിൽക്കാനോ ബാങ്കുകളിൽ ഈടുവെച്ച് വായ്പയെടുക്കാനോ സാധിക്കാത്ത സ്ഥിതിയിലാണ് പ്രദേശവാസികൾ. മക്കളുടെ വിദ്യാഭ്യാസം, വിവാഹം, ചികിത്സ തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്ക് പോലും സ്വന്തം ഭൂമി ഉപയോഗപ്പെടുത്താനാകാതെ കടുത്ത സാമ്പത്തിക-സാമൂഹിക പ്രതിസന്ധിയിലാണ് തങ്ങളെന്ന് സ്ഥലമുടമകൾ ചൂണ്ടിക്കാട്ടി.
വിഷയം ഗൗരവമായി പരിഗണിക്കുമെന്നും, പ്രശ്ന പരിഹാരത്തിനായി ഒരു മാസത്തിനകം ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം വിളിച്ചുചേർക്കാൻ ആവശ്യമായ ഇടപെടൽ നടത്താമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറപ്പുനൽകിയതായി ഭാരവാഹികൾ വ്യക്തമാക്കി.ചർച്ചയിൽ അസോസിയേഷൻ പ്രതിനിധികളായ എം.പി. വിശ്വനാഥൻ നായർ, സലിം നെടുങ്ങാട്ട്കുടി, സീന ബെന്നി, റെജി സുനിൽ കുമാർ, ജോഷി ടി. തുടങ്ങിയവർ പങ്കെടുത്തു.
What do you feel about this post?

Like

Love

Happy

Haha

Sad











