പെരുമ്പാവൂർ: കേരള സ്റ്റേറ്റ് ഹയർ എജ്യുക്കേഷൻ കൗൺസിൽ ഏർപ്പെടുത്തിയ 2025-ലെ കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ (KIRF) മാറംപള്ളി എം.ഇ.എസ് കോളേജിന് ഉജ്ജ്വല നേട്ടം. സംസ്ഥാനത്തെ കോളേജ് വിഭാഗത്തിൽ കഴിഞ്ഞ വർഷത്തെ 46-ാം റാങ്കിൽ നിന്നും 14 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഇത്തവണ കോളേജ് 32-ാം റാങ്ക് കരസ്ഥമാക്കിയത്.
എറണാകുളത്ത് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്നും കോളേജ് അധികൃതർ റാങ്കിംഗ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. അക്കാദമിക് മികവ്, ആധുനിക പഠന സൗകര്യങ്ങൾ, ഗവേഷണ പ്രവർത്തനങ്ങൾ, വിദ്യാർത്ഥികളുടെ പ്ലേസ്മെന്റ് തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ സൂക്ഷ്മമായി വിലയിരുത്തിയാണ് ഈ റാങ്കിംഗ് നിശ്ചയിച്ചിട്ടുള്ളത്.
കോളേജിന്റെ ഗുണനിലവാരമുള്ള അധ്യാപന രീതിക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ലഭിച്ച വലിയ അംഗീകാരമാണിതെന്ന് കോളേജ് മാനേജ്മെന്റും പ്രിൻസിപ്പാളും അറിയിച്ചു. വരും വർഷങ്ങളിൽ റാങ്കിംഗിൽ ആദ്യ നിരയിലേക്ക് എത്താനുള്ള വിപുലമായ പരിശ്രമത്തിലാണ് കോളേജ് അക്കാദമിക് സമൂഹം.











