പെരുമ്പാവൂര്‍: അശമന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ 11 വാര്‍ഡുകളില്‍ മിനി ഗ്രാമ പഞ്ചായത്ത് ഓഫീസുകള്‍ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍ എം സലിം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓടയ്ക്കാലിയില്‍ കളിക്കളം നിര്‍മ്മിക്കുന്നതിനുള്ള നടപടി തുടങ്ങി. അശമന്നൂര്‍, കോട്ടപ്പടി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നൂലേലി പാലത്തിന് അനുമതിയായി. 1 കോടി രൂപ എം.എല്‍എ. ഫണ്ട് വിനിയോഗിച്ചാണ് നിര്‍മ്മാണം. 8 പുതിയ ലിഫ്റ്റ് ഇറിഗേഷനുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കും. എല്‍.ഡി.എഫ് ഭരണസമിതിയുടെ കാലയളവില്‍ മുടങ്ങിപോയ സഞ്ചരിക്കുന്ന ക്രമിറ്റോറിയം പുനരാരംഭിക്കും. പഞ്ചായത്തിന്റെ കീഴിലുള്ള ഉപയോഗ ശൂന്യമായി കിടക്കുന്ന ചിറകള്‍ പുനരുദ്ധീകരിച്ച് കുടിവെള്ള സ്രോതസുകളായി മാറ്റുന്നതിനും തീരുമാനിച്ചതായി പ്രസിഡൻ്റ് അറിയിച്ചു. പഞ്ചായത്തിലെ ഉപയോഗശൂന്യമായി കിടക്കുന്ന കിണറുകള്‍ നവീകരിക്കല്‍, പഞ്ചായത്ത് ഓഫീസ് നവീകരണം, സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ കുറ്റമറ്റ രീതിയില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് വേണ്ട തുടര്‍ നടപടികള്‍, പഞ്ചായത്തിലെ ഗ്രാമവാസികള്‍ക്ക് ആവശ്യമെങ്കില്‍ യാത്രാ സൗകര്യത്തിനായി വാഹനങ്ങൾ അനുവദിക്കല്‍, ഗ്രാമീണ റോഡുകള്‍ മുഴുവന്‍ സഞ്ചാരയോഗ്യമാക്കല്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജനങ്ങള്‍ക്ക് പ്രയോജനകരമായ രീതിയില്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും തീരുമാനിച്ചു. ബിന്ദു ബെസ്സി, നിഷി ജബ്ബാര്‍, അമ്പിളി രാജന് എന്നിവര്‍ പങ്കെടുത്തു.
Home ASAMANNOOR വാർഡുകളിൽ മിനി പഞ്ചായത്ത് ഓഫീസുകൾ, ആവശ്യക്കാർക്ക് വാഹനസൗകര്യങ്ങൾ, അശമന്നൂരിനെ അടിമുടി മാറ്റാൻ പുതിയ ഭരണസമിതി











