കൂവപ്പടി: തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കൂവപ്പടി പഞ്ചായത്തിലെ പാർട്ടികളിൽ അടിതട്ട് മുതൽ ആവേശോജ്വലമായ നീക്കങ്ങളും ചർച്ചകളും ആരംഭിച്ചിരിക്കുകയാണ്. പല പാർട്ടികളും നേരത്തെ തന്നെ ധാരണയായ വാർഡുകളിലെ സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം ഇതിനോടകം നടത്തുകയും ചെയ്തിട്ടുണ്ട്. മുന്നണികളിലും ഘടകക്ഷികൾ തമ്മിലുളള പതിവ് തർക്കങ്ങളും ഇതോടൊപ്പം ശക്‌തി പ്രാപിക്കുന്നുണ്ട്. പ്രചരണത്തിന് മുമ്പേയുളള എതിരഭിപ്രായങ്ങൾ കൂടുതൽ വിമത സ്ഥാനാർത്ഥികളെ സമ്മാനിക്കുന്നതും വിചിത്ര സഖ്യങ്ങളിലേക്കുമാണ് പല വാർഡുകളിലേക്കും കാര്യങ്ങൾ നീങ്ങുന്നത്.
ഇതിനിടെ, സാഹചര്യങ്ങൾ മുതലെടുത്ത് പ്രചരണം ഉൾപ്പെടെ നേരത്തേ ആരംഭിച്ചിരിക്കുകയാണ് ചില ചെറുപാർട്ടികളും നവപാർട്ടികളും. അടുത്ത മാസം അഞ്ചാം തീയതിയോടെ തെരഞ്ഞെടുപ്പ് പ്രഖാപനം വരുമെന്ന ധാരണയിൽ പാർട്ടികളുടെ സ്ഥാനാർത്ഥി ധാരണകളും മറ്റും അതിന് മുന്നേ തീർക്കാനാവൻ കഴിയാതെ കുഴങ്ങുകയാണ് പഞ്ചായത്തിലെ വിവിധ പാർട്ടി നേതാക്കൾ. ഒരു വശത്ത് സംവരണ സ്ഥാനാർത്ഥികളെ കിട്ടാത്തതിനാൽ തല പുകഞ്ഞ് നിൽക്കുന്ന നേതൃത്വത്തോട് ജനറൽ വാർഡുകളിലെ ആവശ്യങ്ങളുമായി അസ്ഥാനത്ത് വിവാദങ്ങൾ ഉയർത്തുന്നതാണ് നിലവിൽ കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്.











