കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണനേട്ടങ്ങൾ വിവരിച്ച് അശമന്നൂർ പഞ്ചായത്ത് അധികൃതർ. പെരുമ്പാവൂർ ഓൺലൈനുമായി നടത്തിയ അഭിമുഖത്തിലാണ് ഭരണപക്ഷത്തിന്റെ പ്രധാന നേട്ടങ്ങൾ അധികൃതർ എടുത്തുപറഞ്ഞത്. ഈ കാലയളവിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തിയതെന്നും, കുടിവെള്ള പദ്ധതികൾക്കും ആരോഗ്യ മേഖലയ്ക്കും ഊന്നൽ നൽകിയെന്നും അധികൃതർ വ്യക്തമാക്കി.
പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്താൻ ഈ ഭരണകാലയളവിൽ സാധിച്ചു. ഇതിന്റെ ഭാഗമായി മറ്റൊരു ഡോക്ടറെക്കൂടി അവിടെ നിയമിക്കാനായി. കൂടാതെ, 55 ലക്ഷം രൂപ മുടക്കി ജനങ്ങളുടെ സഹായത്തോടെ ഒരു സബ് സെന്ററിന്റെ പണി പൂർത്തീകരിക്കുകയും ചെയ്തു.
വിദ്യാഭ്യാസ മേഖലയിൽ നിരവധി നവീകരണങ്ങൾ നടപ്പിലാക്കി. പഞ്ചായത്തിലെ സ്കൂളിന് ആവശ്യമായ നവീകരണങ്ങളെല്ലാം ചെയ്തുകൊടുക്കുന്നുണ്ട്. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് സ്കൂളിന്റെ മുകളിലായി അഞ്ചു മുറികളുടെ പണി ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. സ്കൂളിൽ കുട്ടികൾക്കായി വാട്ടർ പ്യൂരിഫയറുകളും, ആവശ്യമായ എല്ലാ ഫർണിച്ചറുകളും ലഭ്യമാക്കിയിട്ടുണ്ട്. നഴ്സറി കുട്ടികൾക്കായി എറണാകുളം ജില്ലയിൽ തന്നെയുള്ള ഏറ്റവും നല്ലൊരു ‘വർണ്ണകൂടാരം’ പണി കഴിപ്പിക്കാൻ സാധിച്ചതും ഭരണനേട്ടമായി എടുത്തുപറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ പഞ്ചായത്തിലെ അങ്കണവാടിയുടെ അടുത്ത് സ്ഥലം വിട്ടുകൊടുത്ത് ഒരു ഓട്ടിസം സെന്ററിന്റെ പണി പൂർത്തിയാക്കിയിട്ടുണ്ട്.
റോഡുകൾ ഉൾപ്പെടെയുള്ള പശ്ചാത്തല മേഖലയിലെ എല്ലാ പദ്ധതികളും ചെയ്തു തീർത്തിട്ടുണ്ട്. കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് മൂന്നു വർഷം കാരഗ്രാം പദ്ധതി നടപ്പിലാക്കി. തെങ്ങുകൾക്ക് വളം നൽകൽ, മണ്ട വൃത്തിയാക്കി മരുന്ന് ഒഴിക്കൽ, തെങ്ങ് ഒരുക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഈ പദ്ധതിയുടെ ഭാഗമായിരുന്നു. ജനങ്ങൾക്ക് ആവശ്യമായ പച്ചക്കറി തൈകൾ, വിത്തുകൾ, നെൽവിത്തുകൾ തുടങ്ങിയ എല്ലാ കാർഷിക വസ്തുക്കളും വിതരണം ചെയ്തു.
കർഷകർക്ക് ഉപകാരപ്രദമാകുന്ന നിരവധി മൃഗസംരക്ഷണ പദ്ധതികളും നടപ്പിലാക്കി. കാലിത്തീറ്റ, പശുക്കുട്ടികളെ വിതരണം ചെയ്യൽ തുടങ്ങിയ പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, മുട്ടക്കോഴികളുടെ വിതരണം വ്യാപകമായി നടത്തി. നാല് വർഷം കൊണ്ട് ഏകദേശം 4000-ത്തോളം ആളുകൾക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തിട്ടുണ്ട് (ഒരു വാർഡിൽ 60 മുതൽ 67 പേർക്ക് വരെ).
ലൈഫ് മിഷന്റെ ഭാഗമായി 151 വീടുകളുടെ പണി പൂർത്തിയാക്കി കഴിഞ്ഞുവെന്നും അധികൃതർ അറിയിച്ചു. ഇറിഗേഷൻ മേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. നല്ല കുടിവെള്ള പദ്ധതിക്ക് ഊന്നൽ നൽകുകയും, ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ ആരംഭിക്കുകയും ചെയ്തു.











