പെരുമ്പാവൂര്‍:  നഗരസഭ ജലാശയങ്ങളുടെ സംരക്ഷണത്തിന് പുതിയ പദ്ധതി ആരംഭിക്കുന്നു. ‘ജലശ്രീ’ – ജലം സംരക്ഷിക്കാം ഭാവി സുരക്ഷയ്ക്കായ് എന്ന പേരിലുള്ള പദ്ധതിക്കായി 1.15 കോടി രൂപ നഗരസഭ ചിലവിടുന്നു. കാവില്‍ചിറ, പനിച്ചികുളം, ആയത്തുചിറ, പൊട്ടക്കുളം, ഐരാറ്റുചിറ, കുന്നംപള്ളി ചിറ, വിവിധ തോടുകള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി പുനര്‍ നിര്‍മ്മിക്കുന്നു. ജലക്ഷാമം രൂക്ഷമാകുന്ന കാലഘട്ടത്തില്‍ ജല സംരക്ഷണത്തിനായി ചിറകളുടെയും കുളങ്ങളുടെയും തോടുകളുടെയും സംരക്ഷണം അത്യന്താപേക്ഷിതമാണ്. നഗരവത്കരണവും അനിയന്ത്രിത നിര്‍മാണപ്രവര്‍ത്തനങ്ങളും ജലാശയങ്ങളെ നശിപ്പിക്കുന്നു. മഴക്കാലത്ത് ലഭ്യമായ വെള്ളം ഇത്തരം സംരക്ഷിത ജലാശയങ്ങളില്ലാത്തതിന്റെ ഫലമായി ഒഴുകിപ്പോകുകയും വേനല്‍ക്കാലത്ത് ജലക്ഷാമം രൂക്ഷമാകുകയും ചെയ്യും.

പദ്ധതിയുടെ ലോക പ്രകാശനം നഗരസഭാ ചെയര്‍മാന്‍ പോള്‍ പാത്തിക്കല്‍ നിര്‍വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റഷീദാ ലത്തീഫ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍ പേഴ്‌സണ്‍ ആനി മാര്‍ട്ടിന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.കെ. രാമകൃഷ്ണന്‍, അഭിലാഷ് പുതിയേടത്ത്, മിനി ജോഷി, കൗണ്‍സിലര്‍മാരായ സാലിത സിയാദ്, കെ.സി. അരുണ്‍കുമാര്‍, പി.എസ്. അഭിലാഷ്, രൂപേഷ് കുമാര്‍, കെ.ബി. നൗഷാദ്, ഷമീന ഷാനവാസ്, ലിസ ഐസക്, പി.എസ്. സിന്ധു നഗരസഭാ സെക്രട്ടറി കവിത എസ്. കുമാര്‍, ഗ്രേസി ജോസഫ്, സി.ഡി.എസ്. പ്രസിഡന്റ് ജാസ്മിന്‍ എന്നിവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here