പെരുമ്പാവൂർ; മലയാള മനോരമ ഹോർത്തൂസ് സാഹിത്യ സാംസ്കാരികോത്സവത്തിന്റെ ഭാഗമായുള്ള ഹോർത്തൂസ് വായന നാളെ പെരുമ്പാവൂർ മാർത്തോമ്മാ കോളജിൽ നടക്കും. സ്ക്രീനിലെ പെൺചിരിയുടെ പൊരുളുകൾ ചർച്ച ചെയ്യുന്ന സംവാദത്തിൽ ടെലിവിഷൻ രംഗത്തു ദീർഘകാലം പ്രൊഡ്യൂസറായി പ്രവർത്തിച്ച ഡയാന സിൽവസ്റ്റർ, നടിമാരായ സ്നേഹ ശ്രീകുമാർ, മഞ്ജു പത്രോസ് എന്നിവർ പങ്കെടുക്കും.‘പെൺ ചിരിയുടെ പഞ്ച് ’ എന്ന സംവാദം എഴുത്തുകാരി ആർ.ജെ. ശാലിനി മോഡറേറ്റ് ചെയ്യും. കോളജ് ഓഡിറ്റോറിയത്തിൽ രാവിലെ 11 നു പ്രിൻസിപ്പൽ ഡോ. ലത പി. ചെറിയാൻ ഉദ്ഘാടനം ചെയ്യും. കോളജ് ട്രഷറർ പി.കെ. കുരുവിള അധ്യക്ഷത വഹിക്കും. 27 മുതൽ 30 വരെ എറണാകുളം സുഭാഷ് പാർക്കിൽ നടക്കുന്ന ഹോർത്തൂസിന്റെ ഭാഗമായാണു ഹോർത്തൂസ് വായന ഒരുക്കിയിരിക്കുന്നത്.











