പെരുമ്പാവൂർ: നഗരത്തിൽ വ്യാപാരികൾക്ക് ലഭിക്കുന്ന ജല അതോറിറ്റിയുടെ കുടിവെള്ളത്തിന് ദുർഗന്ധം. ആലുവ-മൂന്നാർ റോഡിൽ സീമാസ് ജങ്ഷന് സമീപമുള്ള വ്യാപാരികൾക്ക് ലഭിക്കുന്ന വെള്ളമാണ് മാലിന്യം കലർന്ന് ഉപയോഗശൂന്യമായത്. റോഡരികിലെ ഓടയിൽനിന്ന് മാലിന്യം കുടിവെള്ളത്തിൽ കലരുന്നതായാണ് സംശയം. ദുർഗന്ധംമൂലം തറതുടയ്ക്കാൻപോലും ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. സ്ഥാപനങ്ങളിലെ ജീവനക്കാരും നടത്തിപ്പും പ്രതിസന്ധിയിലാണ്. സീമാസ് ജങ്ഷന് സമീപം ടാർചെയ്ത റോഡിലേക്ക് കയറ്റിയാണ് ജല അതോറിറ്റിയുടെ വിതരണക്കുഴലുകൾ സ്ഥാപിച്ചിരിക്കുന്നത്. അരനൂറ്റാണ്ട് മുൻപ് സ്ഥാപിച്ച ആസ്ബസ്റ്റോസ് പൈപ്പുകൾ കാലഹരണപ്പെട്ടവയാണ്.
പൊല്ലാപ്പായി അറ്റകുറ്റപ്പണികൾ
ജല അതോറിറ്റി ജീവനക്കാർ അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ടെങ്കിലും പരാതികൾ പതിവായിരിക്കുകയാണ്. കാനയിലൂടെയും പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. കാനകൾ പലയിടത്തും മണ്ണിടിഞ്ഞ് ഉപയോഗശൂന്യമാണ്. യഥാസമയം അറ്റകുറ്റപ്പണികളോ, ശുചീകരണമോ നടക്കാത്തതിനാൽ മലിനജലം കെട്ടിക്കിടക്കുന്നു. എലികളും മറ്റു ക്ഷുദ്രജീവികളും പെരുകി അറപ്പുളവാക്കുന്ന വിധത്തിലാണ് ഓടകൾ. വ്യാപാരികളിൽ ചിലർ കാനയുടെ മുകളിൽ കോൺക്രീറ്റ് ചെയ്ത് ടൈൽ വിരിച്ചതും അറ്റകുറ്റപ്പണികൾക്ക് തടസ്സമുണ്ടാക്കുന്നുണ്ട്. മൂന്ന് സ്ഥലങ്ങളിൽ കുഴിച്ചശേഷമാണ് കഴിഞ്ഞ ദിവസമുണ്ടായ പരാതികൾ പരിഹരിക്കാൻ കഴിഞ്ഞതെന്ന് ജല അതോറിറ്റി ജീവനക്കാർ പറയുന്നു. റോഡിന്റെ ഇടതുവശത്ത് പാലക്കാട്ടുതാഴം വരെയാണ് പൈപ്പുകളുള്ളത്. വെങ്ങോല ഭാഗത്തേയ്ക്കുള്ള പമ്പിങ് മെയിൻലൈൻ പോകുന്നത് റോഡിന്റെ വലതുവശത്തുകൂടിയാണ്. കാനയോട് ചേർന്നുള്ള വൈദ്യുതിക്കാലുകൾ ഏതുസമയവും കടപുഴകിവീഴാവുന്ന അവസ്ഥയിലാണ്. സ്ലാബില്ലാത്ത കാനകളുടെ സമീപത്തുകൂടി നടന്നുപോകാനും നിവൃത്തിയില്ല. പൊതുമരാമത്ത് വകുപ്പ്, ജല അതോറിറ്റി, വൈദ്യുതി ബോർഡ്, നഗരസഭ എന്നിവ ഏകോപിച്ച് പണികൾ നടത്തിയെങ്കിൽ മാത്രമേ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകൂ.











