പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്ത് ത്രിവേണി 15–-ാംവാർഡിലെ ഞവുരി ചിറ കാടുപിടിച്ച് നശിക്കുന്നു. കാവുംപുറം റോഡ് വരുന്നതിനുമുമ്പ് നിറഞ്ഞൊഴുകിയിരുന്ന ഞവുരി ചിറയിലെ വെള്ളം ഉപയോഗിച്ച് സമീപമുള്ള പാടശേഖരങ്ങളിൽ പൂക്കൃഷിയിറക്കിയിരുന്നു. സമീപവാസികൾ കുളിക്കാനും മറ്റും ഉപയോഗിച്ചിരുന്ന ചിറയിൽ പായൽമൂടിയും മാലിന്യം നിറഞ്ഞും ശോച്യാവസ്ഥയിലാണ്. ചിറ നവീകരിക്കാനെന്ന പേരിൽ മണ്ണെടുത്ത് വിറ്റുവെന്നും ആരോപണമുണ്ട്. മണ്ണെടുത്ത് ആഴം വർധിപ്പിച്ചപ്പോൾ കുളിക്കാനെത്തുന്നവർ ചിറയെ ഉപേക്ഷിച്ചു. അപകടാവസ്ഥ ഭയന്ന് കുട്ടികൾ ചിറയിലിറങ്ങുന്നത് വിലക്കിയിരിക്കുകയാണ്. ചിറ സംരക്ഷിച്ച് കർഷകർക്കും സമീപവാസികൾക്കും കുടിവെള്ളം ലഭ്യമാക്കണമെന്നും ടൂറിസം പദ്ധതിക്ക് ഉപയോഗപ്പെടുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.











