പെരമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വന്യമൃഗം ശല്യം തടയാൻ കോടനാട് ഡിവിഷനിലെ കൂവപ്പടി ഗ്രാമപഞ്ചായത്ത് വനാതിർത്തി മുഴുവൻ(മുല്ലശേരി അമ്പലം മുതൽ കപ്രിക്കാട് അഭയാരണ്യം വരെ) സോളാർ ഫെൻസിംഗ് സ്ഥാപിച്ചു. 20 ലക്ഷം രൂപ ചെലവിൽ ജനസുരക്ഷാ പദ്ധതി പ്രകാരം ഹാങ്ങിംഗ് ഫെൻസിംഗ് കൂടാതെ 4 നിര റെയിൽ ഫെൻസിംഗും കൂടി ഉൾപ്പെടുത്തിയാണ് പ്രൊജക്ട് നടപ്പിലാക്കിയത്. എൻ.എസ്. സി കാലടി ഡിവിഷന്റെ കീഴിലുള്ള കോടനാട് കപ്രി ക്കാട് അഭയാരണ്യത്തിൽ അഡ്വ. എൽദോസ് കുന്നപ്പള്ളി എം.എൽ.എ സോളാർ ഫെൻസിംഗിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനു അബീഷ് അദ്ധ്യക്ഷയായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് അംബിക മുരളീധരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഒ. ജോസ്, വിവിധ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.











