പെരുമ്പാവൂർ ; മുടക്കുഴ പഞ്ചായത്ത് ഒന്നാംവാർഡില്‍ പുതുതായി നിർമിച്ച 72–-ാംനമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം അലങ്കോലമാക്കാന്‍ ബിജെപി–കോണ്‍ഗ്രസ് ശ്രമം. കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ ഇവിടെയെത്തിയ ബിജെപിയുടെ പ്രവർത്തകരാണ് ചടങ്ങ് അലങ്കോലമാക്കാന്‍ ശ്രമിച്ചത്. കോൺഗ്രസിലെ ഗ്രൂപ്പുവഴക്കിന്റെ ഭാഗമായി ഒരുവിഭാഗം കോൺഗ്രസുകാർ ബിജെപിക്ക് രഹസ്യപിന്തുണ നൽകിയതായി പറയുന്നു. തങ്ങളെ ഉദ്ഘാടനത്തിനു ക്ഷണിച്ചില്ല എന്നാരോപിച്ചായിരുന്നു ഉദ്ഘാടനം മുടക്കാന്‍ ബിജെപിക്കാര്‍ ശ്രമിച്ചത്. നിരവധി കൊച്ചുകുട്ടികളും സ്ത്രീകളും അങ്കണവാടിവളപ്പിൽ നിൽക്കുമ്പോഴായിരുന്നു ബിജെപിക്കാരുടെ ബഹളം. പ്രതിഷേധക്കാരെ അവഗണിച്ച് അങ്കണവാടി, പ്രസിഡന്റ് പി പി അവറാച്ചൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ബിന്ദു ഉണ്ണി അധ്യക്ഷയായി. അനാമിക ശിവൻ, ഡോളി ബാബു, ദീപ ശ്രീജിത്ത്, സോഫി രാജൻ, സിമി പി ബേബി എന്നിവർ സംസാരിച്ചു.











