രായമംഗലം: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള 2022-23, 2023- 24 വർഷങ്ങളിലെ ആർദ്രകേരള പുരസ്കാരം ആരോഗ്യ ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ്ജിൽ നിന്നും രായമംഗലം ഗ്രാമപഞ്ചായത്തിനു വേണ്ടി പഞ്ചായത്ത് പ്രസിഡൻ്റ് എൻ പി അജയകുമാറിൻ്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. തിരുവനന്തപുരം ടാഗോർ തീയറ്ററിൽ നടന്ന സമ്മേളനത്തിൽ തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് അദ്ധ്യക്ഷത വഹിച്ചു.
രണ്ടു വർഷവും തുടർച്ചയായി എറണാകുളം ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചത് രായമംഗലത്തിനാണ്. അഞ്ച് ലക്ഷം രൂപ വീതം ആകെ 10 ലക്ഷം രൂപ അവാർഡ് തുകയായി ലഭിച്ചു. ആരോഗ്യവകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന സമഗ്ര ആരോഗ്യ പദ്ധതി ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികൾക്കായി 5 വർഷത്തിനുള്ളിൽ കുടുംബാരോഗ്യ കേന്ദ്രം, അഞ്ച് ജനകീയാരോഗ്യകേന്ദ്രങ്ങൾ , ഹോമിയോ, ആയുർവേദ വിഭാഗങ്ങളിലായി 6 കോടി 68 ലക്ഷം രൂപ രായമംഗലം ഗ്രാമപഞ്ചായത്ത് ചെലവഴിച്ചു.
മാലിന്യപരിപാലനം, ഹരിതകർമമസേന പ്രവർത്തനം, അലോപ്പതി, ആയുർവേദം, ഹോമിയോ, വെറ്റിനറി, കൃഷി എന്നീ മേഖലകളെ കൂടി പരിഗണിച്ചാണ് പുരസ്കാരം ലഭിച്ചത്. ആരോഗ്യ രംഗത്ത് ആരോഗ്യ പരിചരണം, കായകൽപ്പാ സ്കോർ, ഹെൽത്ത് ഗ്രാൻഡ് വിനിയോഗം ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചുകൊണ്ടാണ് അവാർഡ് ലഭിച്ചിട്ടുള്ളത്. പ്രസിഡൻറ് എൻ പി അജയകുമാർ,മെഡിക്കൽ ഓഫീസർ അഖില ബീഗം , വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ്, മെമ്പർമാരായ ഫെബിൻ എം കെ, ടിൻസി ബാബു, അഞ്ജലി എ ആർ, ബിജി പ്രകാശ് എന്നിവർ ചേർന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.











