പെരുമ്പാവൂർ; കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷമായ മുടക്കുഴ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ്‌ രജിത ജെയ്–മോനെ യുഡിഎഫ്‌ അവിശ്വാസത്തിലൂടെ പുറത്താക്കി. യുഡിഎഫ് അംഗം ഡോളി ബാബു അവതരിപ്പിച്ച അവിശ്വാസത്തിലാണ് രജിത ജെയ്മോൻ പുറത്തായത്. എളന്പകപ്പിള്ളി സ‍ൗത്ത്‌ വാർഡിലെ കോൺഗ്രസ്‌ അംഗമാണ്‌ രജിത. 13 അംഗ ഭരണസമിതിയിലെ ഏഴുപേർ വോട്ടെടുപ്പിൽ പങ്കെടുത്തു. ആറുപേർ വിട്ടുനിന്നു. ബ്ലോക്ക് സെക്രട്ടറി എം ജി രതിയായിരുന്നു വരണാധികാരി. കോൺഗ്രസിലെ ഒമ്പത് അംഗങ്ങളിൽ രജിതയുടെ നേതൃത്വത്തിൽ ആറുപേർ പ്രസിഡന്റ്‌ പി പി അവറാച്ചനെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകിയെങ്കിലും നേതൃത്വം ഇടപെട്ട് രജിത ഉൾപ്പെടെ മൂന്നുപേരെ പിന്തിരിപ്പിക്കുകയും മൂന്നുപേരെ പാർടിയിൽനിന്ന്‌ പുറത്താക്കുകയും ചെയ്തിരുന്നു. പ്രസിഡന്റ്‌ അവിശ്വാസവോട്ടെടുപ്പിൽനിന്ന്‌ രക്ഷപ്പെട്ടെങ്കിലും കോൺഗ്രസിലെ ചേരിപ്പോര് രൂക്ഷമായി തുടരുന്നതിന്റെ തെളിവാണ്‌ വൈസ്‌ പ്രസിഡന്റിനെതിരായ നടപടി. കോൺഗ്രസ് അംഗങ്ങളായ ജെ മാത്യു, അനാമിക ശിവൻ, റോഷ്നി എൽദോ, എൽഡിഎഫ് അംഗങ്ങളായ വിബിൻ പരമേശ്വരൻ, ബിന്ദു ഉണ്ണി, സ്വതന്ത്ര അംഗം പി എസ് സുനിത്ത് എന്നിവരാണ് അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുത്തത്. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ കോൺഗ്രസിലെ വത്സ വേലായുധനെ അവിശ്വാസത്തിലൂടെ കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here