പെരുമ്പാവൂർ; കൂവപ്പടി പഞ്ചായത്ത് 15–-ാം വാർഡിലെ പട്ടാൽപാറ–ഐമുറി റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായി. റോഡിന്റെ നവീകരണത്തിനായി എംപി ഫണ്ട് അനുവദിച്ചെങ്കിലും നിർമാണം പാതിവഴിയിൽ മുടങ്ങി. റോഡും കാനയും നവീകരിക്കാനാണ് പദ്ധതിയെങ്കിലും കാനയിൽ ചെളിനിറഞ്ഞ് കാടുപിടിച്ചുകിടക്കുകയാണ്. മുനിസിപ്പൽ അതിർത്തിയിലെ പാലം പുതുക്കിപ്പണിയുന്നതിനുവേണ്ടി എംഎൽഎ ഫണ്ട് അനുവദിച്ചെങ്കിലും നിർമാണം തുടങ്ങേണ്ട ദിവസം ടെൻഡർ പിൻവലിച്ചു. ഇതേത്തുടർന്ന് എംപി ഫണ്ടിൽ റോഡിനൊപ്പം പാലത്തിന്റെ നിർമാണവും ഉൾപ്പെടുത്തിയിട്ടുണ്ട്. മുനിസിപ്പൽ അതിർത്തിമുതൽ മെറ്റൽ ഇളകി വലിയകുഴികൾ രൂപപ്പെട്ടു. ഇതുമൂലം ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. രൂക്ഷമായ പൊടിശല്യംമൂലം റോഡരികിലുള്ള വീട്ടുകാരും കാൽനടയാത്രക്കാരും ദുരിതം അനുഭവിക്കുകയാണ്. പള്ളിമാലിപ്പടി പള്ളിക്കുസമീപമുള്ള വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടില്ല. ജനപ്രതിനിധികളും റോഡിന്റെ കരാറുകാരനും വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ ഇടപെടുന്നില്ല. മുടക്കുഴ പഞ്ചായത്തിൽനിന്നുള്ള യാത്രക്കാരും പെരുമ്പാവൂരിലെ സ്കൂളുകളിലേക്കുള്ള വാഹനങ്ങളും കടന്നുപോകുന്ന പ്രധാന റോഡാണിത്. അടിയന്തരമായി റോഡ് നിർമാണം പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് സിപിഐ എം അറിയിച്ചു.











