പെരുമ്പാവൂർ; യുഡിഎഫ് ഭരിക്കുന്ന ഒക്കൽ പഞ്ചായത്തിലെ സോളാർ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് ഒക്കൽ പഞ്ചായത്ത് കമ്മിറ്റി ദീപം തെളിച്ച് പ്രതിഷേധിച്ചു. പഞ്ചായത്തിൽ 12 കെവി വൈദ്യുതി ഉൽപ്പാദിപ്പിച്ച് പൊതു ആവശ്യത്തിന് ഉപയോഗിക്കാൻ ഒരു സോളാർ പാനൽ പദ്ധതിക്ക് കല്ലിട്ട് ഒന്നരവർഷംമുമ്പ് നിര്‍മാണോദ്ഘാടനം നടത്തിയെങ്കിലും ഇതുവരെ സോളാർ പാനൽ സ്ഥാപിച്ചിട്ടില്ല. ഇതിനായി 8.8 ലക്ഷം രൂപ പഞ്ചായത്തിൽ ചെലവഴിച്ചതായി രേഖകളിലുണ്ട്. നടക്കാത്ത പദ്ധതിയുടെ പേര് കൊത്തിയ കല്ല് നീക്കം ചെയ്യണമെന്നും സോളാർ പാനലിന് ചെലവാക്കിയ തുക കണ്ടെത്താന്‍ വിജിലൻസ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. എൽഡിഎഫ് ഭാരവാഹികളായ എം കെ രാജഗോപാൽ, സി വി ശശി, ഫ്രാൻസിസ് കല്ലൂക്കാടൻ, കെ പി പൈലി, പോൾ വർഗീസ്, വർഗീസ് മൂലൻ എന്നിവർ സംസാരിച്ചു.











