പെരുമ്പാവൂർ; യുഡ-ിഎഫ്‌ അംഗങ്ങളുടെ എതിർപ്പിലും സ്വജനപക്ഷപാത നയങ്ങളിലും വികസന പദ്ധതികൾ അട്ടിമറിക്കപ്പെടുന്ന പഞ്ചായത്താണ്‌ വാഴക്കുളം. യുഡിഎഫിനാണ്‌ ഭൂരിപക്ഷമെങ്കിലും എസ്‌സി വിഭാഗത്തിന് പ്രസിഡന്റ്‌ സ്ഥാനം സംവരണം ചെയ്തിട്ടുള്ള പഞ്ചായത്തിൽ പ്രസിഡന്റ്‌ സ്ഥാനം എൽഡിഎഫിനാണ്‌. വികസന പദ്ധതികൾ എൽഡിഎഫ്‌ അജൻഡയായി കൊണ്ടുവന്നാലും അംഗബലം ഉപയോഗിച്ച് യുഡിഎഫ്‌ പരാജയപ്പെടുത്തും. 200 കിടപ്പുരോഗികളുള്ള പഞ്ചായത്തിലെ പാലിയേറ്റീവ് പ്രവർത്തങ്ങൾ യുഡിഎഫ്‌ ഭരണസമിതി അട്ടിമറിച്ചു. വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാൻ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം നിർജീവമാക്കി. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി നേടിയെടുത്ത ഐഎസ്ഒ സർട്ടിഫിക്കേഷൻ കാലാവധി കഴിഞ്ഞിട്ടും പുതുക്കാനായില്ല. മാറമ്പിള്ളി കമ്യൂണിറ്റി ഹാളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിഞ്ഞ ഭരണസമിതി അനുവദിച്ച ഫണ്ട് പാഴാക്കി. മുടിക്കൽ ഡിപ്പോ കടവ് കെട്ടി സംരക്ഷിക്കണമെന്ന ജനങ്ങളുടെ ആവശ്യം നടപ്പാക്കിയില്ല. കഴിഞ്ഞ എപ്രിൽ 26ന് ഒരു പെൺകുട്ടി വെള്ളത്തിൽ മുങ്ങിമരിച്ചതോടെ കടവിലെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ചെവിക്കൊണ്ടില്ല. പഞ്ചായത്തിന്റെ വികസനകാര്യങ്ങൾക്ക് ചെലവഴിക്കേണ്ട ഫണ്ട്‌ 10 കോടി രൂപയിലധികം ചെലവാക്കാതിരിക്കുകയാണ്‌. വൈസ് പ്രസിഡന്റിന്റെയും സ്ഥിരംസമിതി അധ്യക്ഷരുടെയും അനാവശ്യ ഇടപെടൽമൂലം ഏഴ്‌ പഞ്ചായത്ത്‌ സെക്രട്ടറിമാർ സ്ഥലംമാറ്റം വാങ്ങി. റോഡുകളും കൃഷിക്ക്‌ വെള്ളം കൊണ്ടുപോകുന്ന കനാലുകളും തകർന്നു. പഞ്ചായത്ത് ഭരണം ദുർബലമാക്കാൻ യുഡിഎഫ് ശ്രമിക്കുമ്പോൾ പി വി ശ്രീനിജിൻ എംഎൽഎയാണ് പല വികസനപ്രവർത്തനങ്ങൾക്കും തുണയാകുന്നത്‌. എംഎൽഎയുടെ ശ്രമഫലമായി പല റോഡുകളും ആശുപത്രികളും സ്കൂളുകളും നവീകരിച്ചിരുന്നു.​

LEAVE A REPLY

Please enter your comment!
Please enter your name here