പെരുമ്പാവൂർ: യുഡിഎഫ് ഭരിക്കുന്ന മുടക്കുഴ പഞ്ചായത്തിൽ ഭരണ പ്രതിസന്ധി രൂക്ഷം. പഞ്ചായത്ത് പ്രസിഡന്റിനെതിരേ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത് ഭരണ-പ്രതിപക്ഷത്തെ ഏട്ട് അംഗങ്ങൾ. 13 അംഗ ഭരണസമിതിയിൽ കോൺഗ്രസ് 9, സിപിഎം 2, ബിജെപി 1, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷി നില. കോൺഗ്രസിലെ ആറ് അംഗങ്ങളും, സിപിഎമ്മിലെ ഒരംഗവും, ഒരു സ്വതന്ത്ര അംഗവും ചേർന്നാണ് അവിശ്വാസത്തിന് നോട്ടിസ് നൽകിയത്. കോൺഗ്രസ് നേതൃത്വവും പ്രസിഡന്റ് ഉൾപ്പെടെയുള്ള മറ്റ് നാല് അംഗങ്ങളും ചേർന്ന് നടത്തിയ യോഗത്തിൽ പാർട്ടി അംഗങ്ങൾ അവിശ്വാസപ്രമേയ ചർച്ചയിൽനിന്നും വിട്ടു നിൽക്കണമെന്ന് തിരുമാനിച്ചു. എന്നാൽ യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ പഞ്ചായത്ത് പ്രസിഡന്റിന്റെ ഏകാധിപത്യ തീരുമാനങ്ങൾ തുടരുന്നതിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. കൂടാതെ ആറ് കോൺഗ്രസ് അംഗങ്ങൾക്ക് നീതിലഭിക്കണമെന്നും ആവശ്യപ്പെട്ടു. പല പ്രാവശ്യം ഇക്കാര്യങ്ങൾ പാർട്ടിയിൽ ഉന്നയിച്ചിട്ടും പ്രസിഡന്റിന്റെ ഭാഗത്തുനിന്നു തിരുത്തലുകൾ ഉണ്ടായില്ലെന്നും അംഗങ്ങൾ പരാതിപ്പെട്ടിരുന്നു.











