പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ കുറിച്ചിലക്കോട് കല്ലിക്കുടി വലിയപാറ റോഡിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് സംരക്ഷണസമിതി രൂപീകരിച്ചു. രണ്ടുകിലോമീറ്ററുള്ള റോഡ് തകർന്നിട്ടും നടപടിയില്ല. കാനകൾക്ക് സംരക്ഷണഭിത്തിയില്ലാതെ ഇടിഞ്ഞു. മണ്ണ് മഴയത്ത് കാനയിലേക്ക് ഒഴുകിനിറയുകയാണ്.റോഡിലുള്ള കൽവെർട്ട് കാലപ്പഴക്കംമൂലം തകർന്നുവീഴാവുന്ന അവസ്ഥയിലാണ്. ഇവിടെ വെള്ളം ഉറവയെടുക്കുന്നതിനാൽ കട്ടവിരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.1993ൽ എട്ടുമീറ്റർ വീതിയിൽ സന്നദ്ധസേവനത്തിലൂടെ നാട്ടുകാർ നിർമിച്ച റോഡാണിത്. പിന്നീട് ജില്ലാപഞ്ചായത്ത് ഏറ്റെടുത്ത റോഡിന്റെ തുടക്കത്തിൽ ടാറിങ്ങും ഇന്റർലോക്ക് ടൈലിങ്ങും ചെയ്തിട്ടുണ്ടങ്കിലും ബാക്കിയുള്ള ഭാഗം വർഷങ്ങളായിട്ടും പൂർത്തിയാക്കിയിട്ടില്ല.കുറിച്ചിലക്കോടുനിന്ന് മുടക്കുഴ, വേങ്ങൂർ പഞ്ചായത്തിലേക്ക് എളുപ്പത്തിൽ സഞ്ചരിക്കാവുന്ന റോഡാണിത്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബെഹനാൻ എംപി, എൽദോസ് കുന്നപ്പിള്ളി എംഎൽഎ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, കുവപ്പടി പഞ്ചായത്ത് എന്നിവരെ സമീപിച്ചിട്ടും നടപടി സ്വീകരിച്ചിട്ടില്ല. റോഡ് സംരക്ഷണസമിതി ഭാരവാഹികൾ: സി എസ് ശ്രീധരൻപിള്ള (ചെയർമാൻ), എ പി ഷാജി (കൺവീനർ).











