പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്തിലെ 1 ,2, 3, 4 വാര്‍ഡുകളിലെ ചേരാനല്ലൂര്‍, മങ്കുഴി, ഓച്ഛാംതുരുത്ത്, നടുത്തുരുത്ത്, തോട്ടുവാ എന്നീ ഭാഗങ്ങളിലെ ജാതി മരങ്ങള്‍ക്കാണ് ഇലകൊഴിച്ചിലും കുമിള്‍ രോഗവും പടര്‍ന്നു പിടിക്കുന്നത്. മരത്തിന്റെ മുഴുവന്‍ ഇലകളും കായകളും അടക്കം കൊഴിഞ്ഞു ചാടുകയും മരത്തിന്റെ മുകള്‍വശം ഉണങ്ങിയ അവസ്ഥയുമാണ് രോഗത്തിന്റെ തുടക്കം. ഈ പ്രദേശത്തെ തെങ്ങ് കവുങ്ങ് എന്നീ കൃഷികള്‍ കുറവായതോടെ ജാതി മരങ്ങള്‍ വ്യാപകമായി വെച്ചുപിടിപ്പിക്കാന്‍ തുടങ്ങിയത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ജാതി മരങ്ങള്‍ ഈ പ്രദേശത്തുണ്ട്. കൂടുതലും ജൈവ വളങ്ങളാണ് ജാതിക്കായി ഉപയോഗിക്കുന്നത്. രണ്ടുമൂന്നു വര്‍ഷങ്ങളായി ചില തോട്ടങ്ങളില്‍ ഒന്നോ രണ്ടോ മരങ്ങള്‍ക്ക് രോഗ ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷം ചില തോട്ടങ്ങള്‍ പൂര്‍ണമായും നശിച്ച രീതിയിലാണ്. എന്നാല്‍ കൃഷി ഉദ്യോഗസ്ഥരോ കൃഷിവകുപ്പോ ഇതിന്റെ കാരണങ്ങള്‍ കണ്ടുപിടിച്ച് വേണ്ട കുമിള്‍നാശിനിയോ രോഗം പ്രതിരോധിക്കാനുള്ള മറ്റു മരുന്നുകളോ ഉപയോഗിക്കാന്‍ കര്‍ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നില്ല. കാറ്റുവീഴ്ച വന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് തെങ്ങുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു തുടങ്ങിയപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. ഇപ്പോള്‍ കേരളത്തില്‍ തെങ്ങുകളുടെ എണ്ണം കുറഞ്ഞതുപോലെ വ്യാപകമായി ജാതി കൃഷിയും നശിക്കുമോ എന്ന പേടിയിലാണ് കര്‍ഷകര്‍. രോഗബാധ തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷകനായ ദേവച്ചന്‍ പടയാട്ടില്‍ കൃഷിവകുപ്പിന് രേഖാ മൂലം പരാതി നല്‍കി.











