പെരുമ്പാവൂര്‍:  കൂവപ്പടി പഞ്ചായത്തില്‍  മഴക്കാലമായതോടെ കന്നുകാലികള്‍ക്ക്  ജലജന്യ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നു. എന്നാല്‍ ഡോക്ടറുടെ സേവനം കൃത്യമായി ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. കോടനാട് മൃഗാശുപത്രിയില്‍ ആവശ്യത്തിനു മരുന്നുകള്‍ ഇല്ലെന്ന്  ക്ഷീര കര്‍ഷകര്‍ പരാതിപ്പെടുന്നു. തൈലേറിയ, അനാപ്ലാസ്മ, ലംബ് സ്‌കിന്‍ ഡിസീസ് അഥവാ ചര്‍മ്മ മുഴ, കുരലടപ്പന്‍, അകിടു വീക്കം, വായില്‍ അള്‍സര്‍ തുടര്‍ന്ന് കുളമ്പു പൊട്ടുക കൂടാതെ കന്നുകാലികള്‍ തളര്‍ന്നു വീഴുന്നതും പതിവാണ്. മൃഗാശുപത്രിയില്‍ ചെല്ലുന്ന കര്‍ഷകര്‍ക്ക് ഭൂരിഭാഗം മരുന്നുകളും പുറമേക്ക് കുറിച്ചു കൊടുക്കുകയാണ് പതിവ്. ഇതിന് 500 മുതല്‍ 1500 രൂപ വരെ വില കൊടുക്കേണ്ടി വരുന്നെന്നും കര്‍ഷകര്‍ പറയുന്നു. ദിവസത്തില്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ഡോക്ടറുടെ സേവനം ലഭിക്കാറ്. ഇത് പലപ്പോഴും മുടങ്ങാറുമുണ്ട്. ഞായര്‍ ദിവസങ്ങളില്‍ കന്നുകാലികള്‍ക്ക് മാരകമായ അസുഖങ്ങള്‍ പിടിപെട്ടാല്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുവാന്‍ വരെ ഡോക്ടര്‍  തയ്യാറല്ല. ഞായറാഴ്ചകളില്‍ ഉച്ചവരെ മൃഗാശുപത്രി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സാധാരണ ഒരു  ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്‍ മാത്രമാണ് ഉണ്ടാകാറുള്ളത്. പുറമേ നിന്ന് ഡോക്ടറെ വിളിക്കണമെങ്കില്‍ ആയിരത്തിലേറെ രൂപ ഡോക്ടര്‍ക്കും കൂടാതെ മരുന്നിന് വേറെ തുകയും മുടക്കേണ്ടി വരും. കൗ ലിഫ്‌റ്റോ വാഹന സൗകര്യങ്ങളോ ഈ ആശുപത്രിക്കില്ല. 200 ഓളം കിടാവുകള്‍ക്ക് തീറ്റ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ 60 ആയി ചുരുക്കിയിരിക്കുന്നു. പലപ്പോഴും  കിടാവുകള്‍ക്കുള്ള തീറ്റ അര്‍ഹത ഇല്ലാത്തവര്‍ക്കാണ് ലഭിക്കുന്നത് എന്ന പരാതിയുണ്ട്. കിടാവുകളെ കാണാന്‍ വരുന്നുണ്ടെന്ന് മുന്‍കൂട്ടി മൃഗാശുപത്രിയില്‍ നിന്ന് അറിയിക്കുമ്പോള്‍ എവിടെ നിന്നെങ്കിലും ഒരു കിടാവിനെ കൊണ്ടുവന്നു കെട്ടുകയും അവര്‍ പോയി കഴിയുമ്പോള്‍ ആ കിടാവിനെ തിരിച്ച് ഉടമസ്ഥന് കൊടുക്കുകയാണ്  പതിവ്. കൃത്യമായി കിടാവില്ലാത്ത വീടുകളില്‍ തീറ്റ കൊണ്ടുപോകുന്നത് മൃഗാശുപത്രിയെ അറിയിച്ചെങ്കിലും നടപടി ഒന്നും സ്വീകരിച്ചില്ല. കോടനാട് മൃഗാശുപത്രിയില്‍ നിന്നും ഡോക്ടറുടെ സേവനം കര്‍ഷകര്‍ക്ക് കൃത്യമായി കിട്ടണമെന്നും മരുന്നു ലഭ്യത പൂര്‍ണ്ണമായി ലഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബിജെപി നേതാക്കള്‍ കോടനാട് മൃഗാശുപത്രിയിലെ  ഡോക്ടറെ ഉപരോധിച്ചു. ഉപരോധ സമരത്തില്‍  ബിജെപി നേതാക്കളായ അരുണ്‍ കോടനാട്, ദേവച്ചന്‍ പടയാട്ടില്‍, മാര്‍ട്ടിന്‍ വര്‍ഗീസ്, സിബി കോടനാട് എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here