പെരുമ്പാവൂർ: ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ഉന്നമനത്തിനായി ജില്ലാ പഞ്ചായത്ത് പുല്ലുവഴി ഡിവിഷനിൽ പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം മുബാസ് ഓടക്കാലി. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച അശമന്നൂർ പഞ്ചായത്ത് സാന്ത്വനം ബഡ്സ് സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപയാണ് അനുവദിച്ചത്. 473 ചതുരശ്രയടി ചുറ്റളവിലാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. കുട്ടികളെ സ്വാശ്രയത്വത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ‘പ്രജ്ഞ’ എന്ന പേരിൽ പ്രത്യേക ഉപജീവന പദ്ധതി നടപ്പിലാക്കുമെന്നും, നിലവിൽ ഇവിടെ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രം നവീകരിക്കുന്നതിന് ആവശ്യമായ തുക കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു.
അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ എം സലിം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ പി വർഗീസ് മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു നാരായണൻ, സ്ഥിരം സമിതി അധ്യക്ഷരായ നിഷി ജബ്ബാർ, സനോഷ് സി മത്തായി, ബിന്ദു ബ്ലെസി, പഞ്ചായത്ത് അംഗം അമ്പിളി രാജൻ, ബഡ്സ് സ്കൂൾ അധ്യാപിക ദീപ പ്രകാശ് എന്നിവർ സംസാരിച്ചു.
What do you feel about this post?

Like

Love

Happy

Haha

Sad











