പെരുമ്പാവൂർ: പാരമ്പര്യത്തിന്റെയും ക്രിസ്തീയ വിശ്വാസത്തിന്റെയും തനിമ വിളിച്ചോതി കുറുപ്പംപടി സെന്റ് പീറ്റർ ആൻഡ് പോൾസ് ഫൊറോന ദേവാലയത്തിൽ സംഘടിപ്പിച്ച മെഗാ മാർഗ്ഗംകളി ചടുലവും മനോഹരവുമായ ചുവടുകൾ കൊണ്ട് ശ്രദ്ധേയമായി. സെന്റ് തോമസ് ദിനത്തോടും സമുദായ ശാക്തീകരണ വർഷത്തോടും അനുബന്ധിച്ച് കെസിവൈഎം, മാതൃവേദി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്. പള്ളിയങ്കണത്തിൽ നടന്ന മാർഗ്ഗംകളിയിൽ കുട്ടികളും മുതിർന്നവരുമടങ്ങുന്ന എഴുപത്തഞ്ചോളം പേർ അണിനിരന്നു.

കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ പരമ്പരാഗത അനുഷ്ഠാന കലാരൂപമായ മാർഗ്ഗംകളി, എഡി 52-ൽ കേരളം സന്ദർശിച്ച തോമാ ശ്ലീഹായുടെ ചരിത്രമാണ് ഇതിവൃത്തമാക്കുന്നത്. ക്രിസ്തുവിനെ സൂചിപ്പിക്കുന്ന കത്തിച്ചുവെച്ച നിലവിളക്കിന് ചുറ്റും വൃത്താകൃതിയിൽ അണിനിരന്ന കളിക്കാർ, തോമാ ശ്ലീഹാ കേരളത്തിൽ വന്നതും അദ്ദേഹം കാട്ടിയ അത്ഭുതപ്രവൃത്തികളും അനുഭവിച്ച വിഷമതകളും വിവരിക്കുന്ന മാർഗ്ഗംകളിപ്പാട്ടിന്റെ താളത്തിനൊത്ത് ചുവടുവെച്ചപ്പോൾ അത് കാണികൾക്ക് വേറിട്ടൊരു അനുഭവമായി മാറി.ഇടവക വികാരി ഫാ. ജെയിംസ് കക്കുഴിയിൽ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങുകൾക്ക് മുന്നോടിയായി വൈകിട്ട് 5.30-ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് അസിസ്റ്റന്റ് വികാരി ഫാ. ജോസ് മോൻ തകിടിയിൽ സിഎംഐ കാർമ്മികത്വം വഹിച്ചു.

സഹവികാരി ഫാ. ജോസ്മോൻ തകിടിയിൽ, ഫാ. മാത്യു മുണ്ടയ്ക്കൽ, മാതൃവേദി ആനിമേറ്റർ സി. ജെസ്മിൻ സിഎംസി, കൈക്കാരന്മാരായ പോൾ മാങ്കുഴ, ജോസ് നെടുംമ്പുറത്ത്, പാരിഷ് കൗൺസിൽ സെക്രട്ടറി ഷൈജു ഇഞ്ചക്കൽ, പോൾ സേവ്യർ ആറ്റുപുറം, അന്ന തോമസ് മാങ്കുഴ, അരുൺ പാറക്കൽ, ജെസ്സി ജോസ് നെടുംമ്പുറത്ത്, എൽസി പത്രോസ് കാളാംപറമ്പിൽ, അലൻ ജോയി തെക്കേമാലിൽ, ആൽബി കാട്ടരുകുടി, അതുൽ കൊറ്റനാടൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ദേവാലയത്തിലെ നൂറുകണക്കിന് വിശ്വാസികൾ ഈ ദൃശ്യവിരുന്ന് സാക്ഷ്യംവഹിക്കാൻ എത്തിച്ചേർന്നിരുന്നു.
What do you feel about this post?

Like

Love

Happy

Haha

Sad











