പെരുമ്പാവൂർ ; രായമംഗലം പഞ്ചായത്തും ക്ഷീരവികസനവകുപ്പും ചേർന്ന്‌ ക്ഷീരഗ്രാമം പദ്ധതി തുടങ്ങി. 20.4 ലക്ഷം രൂപ ചെലവഴിച്ച് കറവപ്പശു വാങ്ങൽ, കറവയന്ത്രം വാങ്ങൽ, തൊഴുത്തുനവീകരണം, യന്ത്രവൽക്കരണം എന്നിവയ്ക്ക്‌ ധനസഹായവും സബ്സിഡി നിരക്കിൽ വൈക്കോലും മിനറലുകളും വിതരണം ചെയ്യലും പദ്ധതിയുടെ ഭാഗമായി നടക്കും. ആദ്യഘട്ടത്തിൽ 30 പേർക്ക് പശുവാങ്ങാൻ 30,000 രൂപവീതം നൽകി. നാലുപേർക്ക് കറവയന്ത്രങ്ങളും നൽകി. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ ചേർന്ന്‌ പാലിന്‌ സബ്സിഡിയും നൽകുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ്‌ എൻ പി അജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ദീപ ജോയ് അധ്യക്ഷയായി. ക്ഷീരവികസനവകുപ്പ് ജില്ലാ ക്വാളിറ്റി കൺട്രോൾ ഓഫീസർ പ്രിയ ജോസഫ്, കൂവപ്പടി ബ്ലോക്ക് ക്ഷീരവികസന ഓഫീസർ ഉമ്മു ഹബീബ, ടിൻസി ബാബു, എൻ സി തോമസ്, ടി വി സജി, മിനി പി മാത്യു എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here