പെരുമ്പാവൂർ; കൈവിട്ടുപോയ നല്ലകാലം മടങ്ങിയെത്തിരിക്കുകയാണ് അന്നമ്മയുടെ ജീവിതത്തിൽ. വീടെന്ന സ്വപ്നം യാഥാർഥ്യമായി, പട്ടിണിയില്ലാത്ത ദിനങ്ങളും. അതിദാരിദ്ര്യമുക്ത പദ്ധതിയിലൂടെയാണ് വേങ്ങൂർ പഞ്ചായത്ത് ഒമ്പതാംവാർഡിൽ വീട്ടുമുകൾ വട്ടമറ്റം വീട്ടിൽ അന്നമ്മ പുതുജീവിതം സ്വന്തമാക്കിയത്. ചേർത്തുപിടിച്ച പിണറായി സർക്കാരിനും പഞ്ചായത്തിനും വാർഡ് അംഗം ബിജു പീറ്ററിനും നന്ദി പറയുകയാണ് ഇൗ എൺപത്തിനാലുകാരി. പഞ്ചായത്ത് നടത്തിയ സർവേയിൽ അതിദരിദ്ര പട്ടികയിൽപ്പെട്ട അന്നമ്മയ്ക്ക് ആവശ്യം തലചായ്‌ക്കാൻ വീടായിരുന്നു. ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന വീടിനകത്ത് ഒറ്റയ്ക്കായിരുന്നു താമസം. നന്നായി ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു അന്നമ്മയ്ക്ക്. ഭർത്താവ് ഐസക് വീഴ്ചയിൽ നട്ടെല്ലിന് പരിക്കുപറ്റി മാസങ്ങളോളം എറണാകുളം മെഡിക്കൽ കോളേജിലും മറ്റു ആശുപത്രികളിലുമായി ചികിത്സയിലായിരുന്നു. ഏഴുകൊല്ലംമുമ്പ് മരിച്ചു. കൂലിപ്പണിക്കാരനായിരുന്ന ഐസക്കായിരുന്നു കുടുംബത്തിന്റെ ജീവിതമാർഗം. പെൺമക്കളായ ചിന്നമ്മയും എൽസിയും വിവാഹിതരായി പോയി. ഐസക് വിടപറഞ്ഞതോടെ അന്നമ്മയുടെ ജീവിതതാളം തെറ്റി. ആശുപത്രികാലയളവിൽ ഓടിട്ട വീടിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു. വാർഡ് അംഗമാണ് ഇവരുടെ ജീവിതാവസ്ഥ പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. സ്വന്തമായി വീടും കർഷകത്തൊഴിലാളി പെൻഷനുമാണ് അല്ലലില്ലാത്ത ജീവിതത്തിലേക്ക് അന്നമ്മയെ കൈപിടിച്ചുയർത്തിയത്.











