പെരുമ്പാവൂർ; കൂവപ്പടി പഞ്ചായത്ത് അഞ്ചാംവാർഡിലെ അങ്കണവാടി റോഡ് നവീകരിച്ചപ്പോൾ പരാതിക്കാരുടെ വീടിന് മുൻവശം ഒഴിവാക്കി കട്ട വിരിച്ചത് വിവാദത്തിലേക്ക്. പ്രസിഡന്റ് മായ കൃഷ്ണകുമാറിന്റെ വാർഡിലാണ് സംഭവം. പരാതിക്കാരുടെ വീടിന് മുൻവശംമുതൽ മലയാറ്റൂർ റോഡുവരെ 300 മീറ്റർ ഒഴിവാക്കിയാണ് കട്ട വിരിച്ചത്. കോൺക്രീറ്റ് ചെയ്ത റോഡിലെ സിമന്റ് ഇളകി സഞ്ചാരയോഗ്യമല്ലാതായതിനെ തുടർന്ന് റോഡ് നന്നാക്കണമെന്ന ആവശ്യം ശക്തമായി ഉയർത്തിയത് പ്രസിഡന്റിന്റെ അതൃപ്തിക്കിടയായി എന്നാണ് ആരോപണം. റോഡിന് ഇരുവശവും പുറമ്പോക്കുസ്ഥലം ഏറ്റെടുത്ത് വീതികൂട്ടണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. കോൺഗ്രസിന് മുൻതൂക്കമുള്ള വാർഡിൽ കൈയേറ്റക്കാരുടെ എതിർപ്പ് ഭയന്നാണ് വീതികുറഞ്ഞ റോഡിലെ ഏതാനും ഭാഗംമാത്രം സിമന്റ് കട്ട വിരിച്ച് വികസനം എന്ന പ്രചാരണം നടത്തുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ആലാട്ടുചിറ, ചെട്ടിനട ഭാഗത്തുള്ളവർക്ക് അങ്കമാലിയിലേക്കും മലയാറ്റൂർ ഭാഗത്തുള്ളവർക്ക് അഭയാരണ്യത്തിലേക്കും എളുപ്പത്തിൽ സഞ്ചരിക്കാവുന്ന റോഡാണിത്.അങ്കണവാടിയിലേക്ക് കുഞ്ഞുങ്ങളെയും കൊണ്ടുപോകുന്നവർ വാഹനങ്ങൾ വന്നാൽ അടുത്തുള്ള വളപ്പിലേക്ക് കയറിനിൽക്കുകയാണ് പതിവ്.











