പെരുമ്പാവൂര്‍
ജില്ലാ പഞ്ചായത്ത് മുടിക്കല്‍ പെരിയാര്‍ ജങ്ഷനില്‍ അഞ്ചുലക്ഷം രൂപ ചെലവഴിച്ച് ബസ് കാത്തിരിപ്പുകേന്ദ്രം മോടിപിടിപ്പിച്ച സംഭവം വിവാദത്തിലേക്ക്. റോഡ് വികസനത്തിന്റെ ഭാഗമായി പൊളിക്കാനിരിക്കുന്ന കാത്തിരിപ്പുകേന്ദ്രമാണ് തിരക്കുപിടിച്ച് നവീകരിച്ചത്. വാർക്കയുള്ളതും സുരക്ഷിതവുമായിരുന്ന കാത്തിരിപ്പുകേന്ദ്രത്തിന്റെ മുകളിൽ വാർക്കയുടെ ചുറ്റും എസിപി ഷീറ്റ് ഉപയോഗിച്ച് മോടിപിടിപ്പിച്ചതെന്തിനെന്ന് ജില്ലാ പഞ്ചായത്തിനോ അധികാരികൾക്കോ മറുപടിയില്ല. മേൽവാർക്ക പൊളിക്കാൻ ആദ്യം ശ്രമം നടത്തിയെങ്കിലും നാട്ടുകാർ തടഞ്ഞിരുന്നു. പെരുമ്പാവൂര്‍–ആലുവ റോഡ് നാലുവരിപ്പാതയാക്കാനുള്ള പദ്ധതിയുടെ ഭാഗമായി പൊളിച്ചുമാറ്റേണ്ട കാത്തിരിപ്പുകേന്ദ്രമാണിത്. സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ടിൽ നിർമിക്കുന്ന റോഡിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. ഒന്നാംഘട്ടത്തിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിനുപിന്നിൽ കല്ല് സ്ഥാപിച്ചു. ഇൗ സാഹചര്യത്തിൽ അഞ്ചുലക്ഷം രൂപ നഷ്ടപ്പെടാന്‍ ഇടയാക്കിയതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് പരാതി നൽകുമെന്ന് ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് ജബ്ബാർ തച്ചയിൽ അറിയിച്ചു.











