
പെരുമ്പാവൂർ : എൽദോസ് കുന്നപ്പള്ളി എംഎൽഎ നയിക്കുന്ന ഗ്രാമ യാത്രയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട മഹാ ഗ്രാമ സംഗമം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു .സർക്കാരിനെതിരായ അതിശക്തമായ വികാരമാണ് ഗ്രാമ യാത്രയിൽ ഗൃഹ സന്ദർശനം നടത്തുമ്പോൾ കാണാൻ കഴിയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. .ആസന്നമായിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട പെ മുൻസിപ്പാലിറ്റിയും 7 പഞ്ചായത്തുകളും പിടിച്ചടക്കുവാനുള്ള ശക്തി പെരുമ്പാവൂരിലെ യുഡിഎഫിന് ഉണ്ടെന്നും സംഘടനാപരമായ അടിത്തറ വിപുലമാക്കണമെന്നും വി ഡി സതീശൻ പറഞ്ഞു .കേരളം ഭരിച്ച അവസാനത്തെ മുഖ്യമന്ത്രി എന്ന പേര് പിണറായി വിജയൻ സ്വന്തമാക്കി .ഇന്ത്യയിലെ വില കയറ്റവും നാണ്യപെരുപ്പവും ഉള്ള ഒന്നാമത്തെ സംസ്ഥാനം ആയി കേരളം മാറിയിരിക്കുന്നു . വിലക്കയറ്റം തടയാൻ മാർക്കറ്റിൽ ഇടപെടേണ്ട സിവിൽ സപ്ലൈസ് കോർപ്പറേഷൻ തകർത്തിരിക്കുന്നു . മാവേലി സ്റ്റോറിൽ സബ്സിഡി കൊടുക്കേണ്ട സാധനങ്ങൾ ഒന്നും ഇല്ലാതായിരിക്കുന്നു .ആശുപത്രികളിൽ മരുന്നില്ല . മരുന്ന് വിതരണം നടത്തുന്ന കമ്പനികൾക്ക് കോടിക്കണക്കിന് രൂപ സർക്കാർ കൊടുക്കാനുണ്ട് .മെഡിക്കൽ കോളേജുകളിൽ സർജറിക്ക് പോകണമെങ്കിൽ നൂൽ മുതൽ കത്രികയും പഞ്ഞിയും വരെ രോഗികൾ മേടിക്കേണ്ടി വരുന്നു . അങ്ങനെ ആരോഗ്യരംഗം വെന്റിലേറ്ററിലായി .ഉന്നത വിദ്യാഭ്യാസരംഗം തകർത്ത് തരിപ്പണമാക്കി . മലയോര ജനതയുടെ ജീവനെ വിധിക്ക് വിട്ടുകൊടുത്ത സർക്കാരാണ് ഇതൊന്നും ,തീരപ്രദേശത്ത് സങ്കടങ്ങളും ദുരിതങ്ങളും ആണെന്നും അദ്ദേഹം പറഞ്ഞു .സ്കൂളുകളിൽ ലംപ്സം ഗ്രാൻഡ് പോലും കൊടുക്കാൻ കഴിയാത്ത ഈ സർക്കാരിൻറെ ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണ് .കേരള സർക്കാരിൻറെ ചരിത്രത്തിൽ ഇന്നുവരെ കാണാത്ത ധന പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നതെന്നും ലക്ഷം കോടി രൂപ ശമ്പള ഇനത്തിൽ തന്നെ സർക്കാർ കടം കൊടുക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു . ഈ സർക്കാർ അധികാരത്തിൽ നിന്നിറങ്ങുമ്പോൾ 6 ലക്ഷം കോടി രൂപ കടം വരുത്തിയിട്ടാണ് ഇറങ്ങിപ്പോകുന്നത് . സാധാരണ ജീവനക്കാരുടെ ക്ഷേമനിധികൾ തകർത്തു .തോൽവി ഉറപ്പിച്ച ഇടതു സർക്കാർ ത്രിതല പഞ്ചായത്തുകൾക്ക് പോലും ഫണ്ടുകൾ നൽകുന്നില്ല .പത്താം കൊല്ലം അയ്യപ്പനോട് ഭക്തി തോന്നിയ പിണറായി സർക്കാർ അയ്യപ്പൻ്റെ സ്വർണ്ണം വരെ അടിച്ചുമാറ്റിയിരിക്കുന്നു .കേരളത്തിൽ വർഗീയതയുമായി കോംപ്രമൈസ് ചെയ്ത് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ശ്രമിക്കില്ലെന്നും മതേതര മനസ്സാണ് കേരളത്തിലുള്ളത് എന്നും ഓരോ യുഡിഎഫ് പ്രവർത്തകനും ഓർമ്മിക്കണമെന്ന്നും അദ്ദേഹം കൂട്ടിച്ചേർത്തു . മതേതര മനസ്സുള്ള കേരളം നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തും . ഇതിന് ഇന്ധനം പകരുന്ന മികച്ച മാതൃകയാണ് എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ മഹാ ഗ്രാമ സംഗമം എന്നും അദ്ദേഹം പറഞ്ഞു .ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശകരമായ തുടക്കം കുറിക്കുന്നതായി മഹാ ഗ്രാമ സംഗമം മാറിയെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറഞ്ഞു .
കുറുപ്പംപടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് മാത്യൂ ജോസ് തരകൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് ,ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ , കെ.പി.സി.സി. മൈനോരിറ്റി വിഭാഗം സംസ്ഥാന ചെയർമാൻ ടി എം സക്കീർ ഹുസൈൻ, പി കെ മുഹമ്മദ് കുഞ്ഞ് , ഓ ദേവസ്സി , ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റുമാരായ ജോയി പൂണേലിൽ, ഷാജി സലിം, ഡിസിസി സെക്രട്ടറിമാരായ വിൽസൺ ,ബേസിൽ പോൾ ,കെ പി വർഗീസ് , അഹമ്മദ് തോട്ടത്തിൽ , മോഹനൻ ഒക്കൽ, എൻ ഒ ജോർജ് , ,കെ കെ മാത്തുക്കുഞ്ഞ്, ഇ വി നാരായണൻ ,ടി എൻ ദിലീപ്കുമാർ, എന്നിവർ സംസാരിച്ചു .










