പെരുമ്പാവൂർ
നെല്ലിമോളം–കുറുപ്പംപടി റോഡിലെ തകർന്ന കൂട്ടുമഠം ഭാഗത്തെ കൽവർട്ട് നിർമാണം പൂർത്തിയായി. ഇതിനിടെ നിർമാണം പൂർത്തിയാകുംമുമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ എംഎൽഎയ്ക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. കൽവർട്ട് തകർന്നശേഷം എൽദോസ് കുന്നപ്പിള്ളി എംഎൽഎ തിരിഞ്ഞുനോക്കിയില്ല. തിരക്കേറിയ കീഴില്ലം–കുറിച്ചിലക്കോട് റോഡിന്റെ ഭാഗമായതിനാൽ അടിയന്തരപ്രാധാന്യം നൽകി കൽവർട്ട് നിർമാണം നടത്തേണ്ടതിനുപകരം ഉദ്യോഗസ്ഥരോട് റോഡ് അടച്ചിടാൻ നിർദേശിക്കുകയായിരുന്നു. എൽഡിഎഫ് രായമംഗലം പഞ്ചായത്ത് കമ്മിറ്റിയും സിപിഐ എം കുറുപ്പംപടി ലോക്കൽ കമ്മിറ്റിയും പിഡബ്ല്യുഡി ഓഫീസിലും കുറുപ്പംപടി ടൗണിലും പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് പിഡബ്ല്യുഡി എസ്റ്റിമേറ്റ് തയ്യാറാക്കി റോഡ് നിർമാണം ആരംഭിച്ചത്. റോഡ് തുറക്കുന്നതിന് മുമ്പുതന്നെ പദ്ധതി തന്റേതാണെന്ന് വരുത്തിത്തീർക്കാനായിരുന്നു എംഎൽഎ ഉദ്ഘാടനപ്രഹസനം നടത്തിയത്. സൈഡ് ഫില്ലിങ്ങും സൈൻ ബോർഡുകളും സ്ഥാപിക്കുന്നതിനുമുമ്പ് മുന്നറിയിപ്പില്ലാതെ എംഎൽഎയും പരിവാരങ്ങളുമെത്തി കാർ ഇതുവഴി ഓടിച്ച് ഫോട്ടോ എടുത്താണ് ഉദ്ഘാടനം നടത്തിയതായി പ്രഖ്യാപിച്ചത്. റോഡ് അടച്ച് നിർമാണം തുടങ്ങിയശേഷം സ്ഥലത്തേക്ക് തിരിഞ്ഞുനോക്കാത്തതാണ് പ്രതിഷേധത്തിന് കാരണം.











