പെരുമ്പാവൂർ
ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച ലോറി വെങ്ങോല ജങ്ഷനിൽ കനാലിലേക്ക് മറിഞ്ഞു. വെങ്ങോലയിൽനിന്ന് വളയൻചിറങ്ങരയ്ക്ക് പോകേണ്ട ലോറി ഇടുങ്ങിയ വഴിയായ എസ്എൻഡിപി റോഡിലേക്ക് കയറിയതാണ് അപകടത്തിന് കാരണം. വെള്ളി വൈകിട്ട് 4.30നാണ് സംഭവം. ടയർ കയറ്റിവന്ന ലോറിയാണ് ഇത്. ഒരേ ദിശയിൽ പ്രധാന റോഡും ഇടുങ്ങിയ റോഡും പോകുന്നതിനാൽ ഗൂഗിൾ മാപ്പ് നിർദേശിച്ച ഇടുങ്ങിയ റോഡിലൂടെയാണ് ലോറി സഞ്ചരിച്ചത്. വൈദ്യുതിത്തൂണുകളുള്ളതിനാൽ പോകാനാകാതെ ലോറി പിന്നോട്ടെടുത്തതാണ് മറിയാൻ കാരണം. ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു.











