പെരുമ്പാവൂർ
വെങ്ങോല പഞ്ചായത്തിലെ റെക്കോഡ് റൂമിലെ ഫയലുകളിൽ കോൺഗ്രസ് അംഗങ്ങൾ കൃത്രിമം കാണിക്കുന്നതായി ആരോപണം. പഞ്ചായത്ത് സെക്രട്ടറി ഇടപെട്ട് റെക്കോഡ് റൂം പൂട്ടി. വ്യവസായശാലകളുടെയും മറ്റും രേഖകളിൽ കൃത്രിമം നടന്നെന്ന ആരോപണത്തെത്തുടർന്നാണ് മുറി അടച്ചുപൂട്ടിയത്. പല വിവാദഫയലുകളും കാണാതായതായി പരാതി ഉയർന്നിട്ടുണ്ട്. പഞ്ചായത്തിന്റെ അടിസ്ഥാന രേഖകൾ സൂക്ഷിക്കുന്ന റൂമിൽ ആർക്കും കടന്നുചെല്ലാവുന്ന അവസ്ഥയിലായിരുന്നു. വൻകിടക്കാരെ സഹായിക്കുന്നതിനായി ഫയലുകൾ തിരുത്തിയതായും പറയുന്നു.ഫയലുകളിലും കംപ്യൂട്ടറിലും രേഖപ്പെടുത്തിയ വിവരങ്ങളിൽ വ്യതിയാനം കണ്ടതിനെ തുടർന്നാണ് റൂം പൂട്ടി താക്കോൽ സെക്രട്ടറി സൂക്ഷിക്കാൻ തീരുമാനിച്ചത്. താൽക്കാലിക ജീവനക്കാരെ ഉപയോഗിച്ചാണ് റെക്കോഡ് റൂമിലെ ഫയലുകൾ രഹസ്യമായി പരിശോധിക്കുന്നതെന്ന് പറയുന്നു. സംഭവത്തിലെ ദുരൂഹതയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് എൽഡിഎഫ് പാർലമെന്ററി പാർടി സെക്രട്ടറി ബേസിൽ കുര്യാക്കോസ് ആവശ്യപ്പെട്ടു.പഞ്ചായത്തിലെ ജീപ്പ് ഉപയോഗം സംബന്ധിച്ചും പ്രസിഡന്റിനെതിരെ ആരോപണമുയർന്നിട്ടുണ്ട്. വ്യാഴം പകൽ 11ന് ചേരേണ്ട പഞ്ചായത്ത് യോഗം പ്രസിഡന്റും സെക്രട്ടറിയും തമ്മിലുള്ള ഭിന്നതയെ തുടർന്ന് ഒന്നരമണിക്കൂർ വൈകിയാണ് തുടങ്ങിയത്.











