പെരുമ്പാവൂർ
തണ്ടേക്കാട് ജമാഅത്ത് സ്കൂളിലെ കിന്റർഗാർട്ടനിൽ വനവും മൃഗങ്ങളും ചേർന്നുള്ള ജംഗിൾ ഫോറസ്റ്റ് ഇവന്റ് സംഘടിപ്പിച്ചു. പരിസ്ഥിതിസ്നേഹവും പരിസ്ഥിതി ആഭിമുഖ്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ കിന്റർഗാർട്ടനിലെ ഒരു മുറിയിലാണ് വനം രൂപകൽപ്പന ചെയ്തത്. സിംഹം, ആന, കുരങ്ങ്, കരടി, പുലി തുടങ്ങിയ മൃഗങ്ങളുടെ വേഷത്തിൽ വിദ്യാർഥികൾ അണിനിരന്നു. മനുഷ്യനും പരിസ്ഥിതിയും വനവും വന്യജീവികളും ആവാസവ്യവസ്ഥയുടെ ഭാഗമാണെന്ന കാഴ്ചപ്പാട് വളർത്തുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. എം എ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കിൻഡർഗാർട്ടൻ മാനേജർ അബ്ദുൽ നസീർ മുല്ലപ്പള്ളി അധ്യക്ഷനായി. എം യു ഹമീദ്, ഇ കെ ബിന്ദു, അഫ്സാന സനീർ, ഒ എ അഫ്നിത, പി എസ് ധന്യ എന്നിവർ സംസാരിച്ചു.











