പെരുമ്പാവൂർ: ഇ.കെ.നായനാർ പി.പി.തങ്കച്ചനെ വിളിച്ചിരുന്നത് തങ്കപ്പൻ എന്നായിരുന്നു. ഒന്നുരണ്ടു വട്ടം തിരുത്തിയിട്ടും നായനാർ പക്ഷേ സഭയ്ക്കകത്തും പുറത്തും തങ്കപ്പൻ എന്നുതന്നെ വിളിച്ചു; നിറഞ്ഞ സൗഹൃദത്തോടെ. വിളിയിലെ ആ തങ്കത്തിളക്കം തങ്കച്ചന്റെ പൊതുപ്രവർത്തനത്തിലും തെളിഞ്ഞുമിന്നിയിട്ടുണ്ട് പലവട്ടം.1968 ൽ പെരുമ്പാവൂർ നഗരസഭയുടെ പിതാവ് എന്ന പദവിയിലേക്കെത്തിയ 28 വയസ്സുകാരൻ 11 വർഷം ആ ചുമതലയിലിരുന്നു. എല്ലാ കാര്യത്തിലും പ്രതിപക്ഷത്തിന്റെയും അഭിപ്രായങ്ങൾ തേടി. പദ്ധതികൾക്ക് അനുമതി തേടി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കുള്ള യാത്രകളിലെല്ലാം പ്രതിപക്ഷത്തിന്റെ പ്രതിനിധിയും ഒപ്പമുണ്ടായിരുന്നു. മൈനർ മുനിസിപ്പാലിറ്റിയായിരുന്ന പെരുമ്പാവൂരിനെ മേജർ മുനിസിപ്പാലിറ്റിയാക്കാൻ തങ്കച്ചനെന്ന യുവാവിന്റെ പ്രവർത്തന മികവിനു കഴിഞ്ഞു.



1977 ലാണ് തങ്കച്ചൻ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പു പോരാട്ടത്തിനിറങ്ങിയത്; അങ്കമാലിയിൽ. സിപിഎമ്മിന്റെ കരുത്തനായ നേതാവ് എ.പി.കുര്യനായിരുന്നു ഇടതുമുന്നണി സ്ഥാനാർഥി. അദ്ദേഹം പിന്നീട് നിയമസഭാ സ്പീക്കറുമായി. തോട്ടം മേഖലയിൽ വൻ സ്വാധീനമുള്ള തൊഴിലാളിനേതാവാണ് കുര്യൻ. അവിെട വോട്ടു ചോദിച്ചു പോകുന്നതു സാഹസമാണെന്ന് അറിഞ്ഞിട്ടും തങ്കച്ചൻ അവിടെയെത്തി തൊഴിലാളികളോടു വോട്ടു ചോദിച്ചു. സിഐടിയു പ്രവർത്തകർ തങ്കച്ചനെയും ഒപ്പമുണ്ടായിരുന്ന പ്രവർത്തകരെയും തടഞ്ഞു. സംഘർഷസാധ്യതയെ സംയമനം കൊണ്ടുനേരിട്ട് തങ്കച്ചൻ തിരികെപ്പോന്നു.
എങ്കിലും വിട്ടുകൊടുക്കാൻ തയാറായില്ല. അടുത്തദിവസം തന്നെ കൂടുതൽ പ്രവർത്തകരുമായി അവിടെയെത്തി. പൊതുയോഗവും നടത്തി. തിരഞ്ഞെടുപ്പിൽ തങ്കച്ചൻ തോറ്റു. പക്ഷേ അതിനു മുൻപത്തെ രണ്ടു തിരഞ്ഞെടുപ്പുകളിൽ 6,190, 1,306 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച കുര്യന്റെ ഭൂരിപക്ഷം 561 വോട്ടിലേക്കു താഴ്ത്താൻ തങ്കച്ചനു കഴിഞ്ഞു. തിരഞ്ഞെടുപ്പിനു ശേഷം എ.പി.കുര്യന്റെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ടു തങ്കച്ചൻ. ചായ കുടിച്ചാണു പിരിഞ്ഞത്. ആ സൗഹൃദം അവസാനം വരെയും തുടരുകയും ചെയ്തു.











