പെരുമ്പാവൂർ: അങ്കമാലിയിലെ നായത്തോടു നിന്നു പെരുമ്പാവൂരിലെത്തി മത്സരിച്ചു 1968ൽ നഗരസഭാധ്യക്ഷനായപ്പോൾ 28 വയസു മാത്രമായിരുന്നു പി.പി.തങ്കച്ചന് പ്രായം. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷനായിരുന്നു അന്നദ്ദേഹം. ചുവപ്പു കോട്ടയായിരുന്ന പെരുമ്പാവൂർ നഗരസഭയിൽ 10 സീറ്റുകൾ നേടിയാണു യുഡിഎഫ് അധികാരത്തിലെത്തിയത്. ‘തങ്കം പോലൊരു തങ്കച്ചൻ അങ്കം വെട്ടി വരുന്നുണ്ടേ’ എന്നായിരുന്നു അന്നത്തെ മുദ്രാവാക്യം. അടിയന്തരാവസ്ഥയും മറ്റു പ്രശ്നങ്ങളും മൂലം 11 വർഷത്തോളം അധ്യക്ഷ പദവിയിലിരുന്നു. 80ലാണു നിയമസഭയിലേക്കു മത്സരിക്കുന്നത്.
പിതൃസഹോദരനായ ഇട്ടി കുര്യൻ വക്കീലിന്റെ ജൂനിയറായി പെരുമ്പാവൂർ കോടതയിൽ പ്രാക്ടീസ് ചെയ്താണു പൊതുപ്രവർത്തനത്തിലേക്കു കടന്നത്. കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന മുൻ മന്ത്രി ടി.എച്ച്. മുസ്തഫയും ആദ്യകാല തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ തങ്കച്ചന് സഹായങ്ങൾ ചെയ്തു. ഭരണമുന്നണിയെന്ന നിലയിൽ പ്രതിപക്ഷത്തെയും ചേർത്തായിരുന്നു പി.പി.തങ്കച്ചന്റെ വികസന പദ്ധതികൾ. എല്ലാ കാര്യത്തിലും പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങൾ തേടി. സെക്രട്ടേറിയറ്റിൽ പോയി പദ്ധതികൾക്ക് അനുമതി വാങ്ങുന്നതിന് അവരുടെ പ്രതിനിധിയെയും കൊണ്ടുപോയിരുന്നു.

ചെറുപ്പക്കാരനായ പെരുമ്പാവൂർ നഗരസഭാ ചെയർമാൻ എന്ന നിലയിൽ രാഷ്‌ട്രീയരംഗത്തു ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയ തങ്കച്ചൻ 1982 മുതൽ രണ്ടു പതിറ്റാണ്ട് പെരുമ്പാവൂരിനെ നിയമസഭയിൽ പ്രതിനിധീകരിച്ചു. ഇക്കാലയളവിൽ കൃഷിമന്ത്രിയും നിയമസഭാ സ്‌പീക്കറുമായി. എംഎൽഎമാർക്ക് ഒരു പഴ്‌സനൽ അസിസ്‌റ്റന്റിന്റെ സഹായം തേടാനുള്ള അനുമതി നൽകിയതു തങ്കച്ചൻ സ്‌പീക്കറായ കാലത്താണ്. പിന്നാക്കക്ഷേമം, പരിസ്‌ഥിതി, സഭയുടെ മേശപ്പുറത്തു വയ്‌ക്കുന്ന കടലാസുകളുടെ ഉറപ്പു പാലിക്കുന്ന പരിശോധന എന്നിവയ്‌ക്കു വേണ്ടിയുള്ള സബ്‌ജക്‌ട് കമ്മിറ്റികൾക്കു രൂപം നൽകിയതും ഇക്കാലയളവിലാണ്.
കൃഷിക്കു സൗജന്യ വൈദ്യുതി നൽകാനുള്ള സുപ്രധാന തീരുമാനം എടുത്തതും കൃഷിമന്ത്രിയായിരിക്കെ തങ്കച്ചനാണ്. എക്കാലവും കെ. കരുണാകരന്റെ ഉറ്റ അനുയായി ആയിരുന്ന തങ്കച്ചൻ പക്ഷേ കരുണാകരൻ പാർട്ടിവിട്ട ഘട്ടത്തിൽ കോൺഗ്രസിനൊപ്പം തന്നെ നിന്നു. എന്നാൽ ഇരുവരുടെയും വ്യക്‌തിപരമായ അടുപ്പത്തിൽ അതു വിള്ളൽ വീഴ്‌ത്തിയില്ല. ഗ്രൂപ്പിനും രാഷ്‌ട്രീയത്തിനും അതീതമായ സൗഹൃദം കാത്തുസൂക്ഷിക്കാനും തങ്കച്ചൻ എപ്പോഴും ശ്രമിച്ചിരുന്നു. ഗ്രൂപ്പിന്റെ മുൻനിരക്കാരനായി നിൽക്കുമ്പോഴും മിതവാദം കാത്തുസൂക്ഷിച്ചിരുന്ന തങ്കച്ചൻ കോൺഗ്രസിലെ എ-ഐ വിഭാഗങ്ങൾക്കു വിശ്വാസമുള്ള മധ്യസ്‌ഥനുമായിരുന്നു.











