പെരുമ്പാവൂർഃ മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറും കെപിസിസി മുൻ അധ്യക്ഷനുമായ പി.പി.തങ്കച്ചൻ (86) അന്തരിച്ചു. വൈകിട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടർന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2004 മുതൽ 2018 വരെ യുഡിഎഫ് കൺവീനറും നാലു വട്ടം എംഎൽഎയും ഒരുവട്ടം മന്ത്രിയുമായി. മാർക്കറ്റ്‌ഫെഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ടി.വി.തങ്കമ്മ. മക്കൾ: ഡോ. രേഖ, ഡോ. രേണു, വർഗീസ് പി. തങ്കച്ചൻ. മരുമക്കൾ: തിരുവല്ല തട്ടാംകുന്നേൽ ഡോ. സാമുവൽ കോശി, പാമ്പാടി പറപ്പിള്ളിൽ ഡോ. തോമസ് കുര്യൻ, സെമിന വർഗീസ്. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിൽ നടക്കും. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം നാളെ 11 മണിയോടെ പെരുമ്പാവൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. അന്ത്യാഞ്ജലി അർപ്പിക്കാനുള്ള അവസരം വീട്ടിലാണ് ഒരുക്കിയിരിക്കുന്നത്.
അങ്കമാലി നായത്തോടു പൈനാടത്ത് ഫാ. പൗലോസിന്റെ മകനായി 1939 ജൂലൈ 29 നാണ് തങ്കച്ചൻ ജനിച്ചത്. തേവര എസ്എച്ച് കോളജിലെ ബിരുദ പഠനത്തിന് ശേഷം നിയമവിദ്യാർഥിയായി. അതിനു ശേഷം അഭിഭാഷകനായി പ്രവർത്തിച്ചു. പെരുമ്പാവൂർ നഗരസഭാംഗമായാണ് പൊതുജീവിതമാരംഭിച്ചത്. 1968 മുതൽ 1980 വരെ പെരുമ്പാവൂർ നഗരസഭാ ചെയർമാനായിരുന്നു. 68 ൽ സ്ഥാനമേൽക്കുമ്പോൾ, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർമാനായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ മണ്ഡലം വൈസ്പ്രസിഡന്റ് ചുമതലയിൽ തുടങ്ങി അദ്ദേഹം ബ്ലോക്ക് പ്രസിഡന്റ്ും എറണാകുളം ഡിസിസി പ്രസിഡന്റുമായി. 2004 ൽ ഏതാനും മാസം കെപിസിസി അധ്യക്ഷനായി.1991 ൽ നിയമസഭാ സ്പീക്കറായി. കേരള നിയമസഭയിലെ ഏറ്റവും പ്രഗത്ഭരായ സ്പീക്കർമാരിൽ ഒരാളായി വിശേഷിപ്പിക്കപ്പെടുന്നു. 1992 ൽ കേരളത്തിൽനിന്ന് ആദ്യമായി, നിയമസഭാ സ്പീക്കർമാരുടെ സ്റ്റാഡിങ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. 1995 ൽ എ.കെ.ആന്റണി മന്ത്രിസഭയിൽ കൃഷിമന്ത്രിയായി. കൃഷിക്കു സൗജന്യ വൈദ്യുതി നൽകാനുള്ള സുപ്രധാന തീരുമാനം എടുത്തത് അദ്ദേഹമാണ്.
യുഡിഎഫ് കൺവീനർ എന്ന നിലയിൽ, മുന്നണിയിലെ കക്ഷികളെ ഏകോപിപ്പിച്ചു കൊണ്ടു പോകുന്നതിൽ മികവു കാട്ടിയ തങ്കച്ചൻ, കോൺഗ്രസിലെ വിഭാഗീയതയുടെ കാലത്ത് സമന്വയത്തിന്റെ ശൈലി സ്വീകരിച്ചു. പാത്രിയാർക്കിസ് ബാവയിൽനിന്ന് യാക്കോബായ സഭയുടെ കമാൻഡർ പദവിയും ലഭിച്ചിട്ടുണ്ട്.പി.പി.തങ്കച്ചന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വിവാദങ്ങളിൽപ്പെടാതെ സൗമ്യപ്രകൃതനായി രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്നയാളാണ് പി.പി.തങ്കച്ചനെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. വഹിച്ച സ്ഥാനങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. മന്ത്രി, നിയമസഭാ സ്പീക്കർ എന്നീ നിലകളിൽ എല്ലാവരെയും ചേർത്തു നിർത്തി മുന്നോട്ട് പോയെന്നും അദ്ദേഹം പറഞ്ഞു.
തങ്കച്ചന്റെ നിര്യാണം കോൺഗ്രസിനെ കനത്ത നഷ്ടമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. യുഡിഎഫ് കണ്‍വീനറായി പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തില്‍ പാര്‍ട്ടിയേയും മുന്നണിയേയും ഒരുമിച്ച് കൊണ്ട് പോകുന്നതില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തിയ നേതാവാണ് അദ്ദേഹം. പാര്‍ലമെന്ററി രംഗത്തും സംഘടനാരംഗത്തും ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചെന്നും സണ്ണി ജോസഫ് പറഞ്ഞു. പിതൃതുല്യനായ നേതാവിനെയാണ് നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. പി.പി.തങ്കച്ചന്റെ നിര്യാണത്തിൽ കെപിസിസി മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.











