പെരുമ്പാവൂര്‍: നഗരസഭ പരിധിയിലെ ഇലക്ടോണിക് വേസ്റ്റുകള്‍ പണം നല്‍കി ശേഖരിക്കാനുള്ള പദ്ധതിയുമായി പെരുമ്പാവൂര്‍ നഗരസഭ. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഇ-മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ ശേഖരിക്കുകയും, മാലിന്യം കൈമാറുന്ന നിമിഷം തന്നെ പണം നല്‍കുകയും ചെയ്യും.
നഗരത്തിലെ എല്ലാ വാര്‍ഡുകളില്‍ നിന്നും ഇ-മാലിന്യ ശേഖരണം നടത്തും. നഗരത്തില്‍ ശുചിത്വം ഉറപ്പാക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി പദ്ധതി പ്രയോജനപ്പെടും. പദ്ധതി നഗരസഭ ചെയര്‍മാന്‍ പോള്‍ പാത്തിക്കല്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സി.കെ. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ആനി മാര്‍ട്ടിന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സജു മാട്ടില്‍, സി.ഡി.എസ്. പ്രസിഡന്റ് ജാസ്മിന്‍ ബഷീര്‍ എന്നിവര്‍ സംസാരിച്ചു.











