പെരുമ്പാവൂർ: യഥാർത്ഥ കേരള സ്റ്റോറിയുടെ നായകനാണ് എം എ അബ്ദുല്ല മൗലവി ബാഖവിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. 105-ാം വയസ്സിൽ ഡിജിറ്റൽ സാക്ഷരത നേടിയ എറണാകുളത്തെ  അശമന്നൂർ ഗ്രാമപഞ്ചായത്തിലെ ഓടക്കാലി സ്വദേശിയായ എം എ അബ്ദുല്ല മൗലവി ബാഖവിയെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറുമ്പോൾ  ആ മാറ്റത്തിന്റെ ചരിത്രനായകനായി അബ്ദുല്ല മൗലവിയും മാറിയെന്ന് മന്ത്രി പറഞ്ഞു. ഈ പ്രായത്തിൽ ഡിജിറ്റൽ സാക്ഷരത കൈവരിച്ച നിശ്ചയദാർഢ്യത്തെയും  ഇച്ഛാശക്തിയെയും മന്ത്രി അഭിനന്ദിച്ചു. പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്ന്  തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.105 വയസ്സുള്ള ഒരാളെ  കണ്ടെത്തി ഡിജിറ്റൽ സാക്ഷരതയിലേക്ക് എത്തിക്കാൻ കഴിഞ്ഞ കേരളത്തിന്റെയും തദ്ദേശ വകുപ്പിന്റെയും പ്രവർത്തനവും ഇതിന് നേതൃത്വം നൽകിയ അശമന്നൂർ ഗ്രാമപഞ്ചായത്തിനെയും മന്ത്രി അഭിനന്ദിച്ചു.    കേന്ദ്രമാനദണ്ഡം അനുസരിച്ച് 65 വയസ്സുവരെയാണ്  ഡിജിറ്റൽ സാക്ഷരരാക്കുന്നത്. എന്നാൽ നൂറ്റി അഞ്ചു വയസ്സുള്ള അബ്ദുല്ല മൗലവിയെയും നമ്മൾ ഉപേക്ഷിച്ചില്ല. ഇതാണ് കേരള മാതൃക എന്നും മന്ത്രി കൂട്ടിചേർത്തു. ഫോണിൽ യുടൂബ് ഉൾപ്പെടെ ഉപയോഗിക്കുന്നത് മന്ത്രിയ്ക്ക് അബ്ദുല്ല കാണിച്ചു നൽകി. വിദേശത്തുള്ള കൊച്ചു മകനെ വീഡിയോ കോളിലും ബന്ധപ്പെട്ടു. മന്ത്രി മടങ്ങുന്നതിനു മുമ്പ് സമ്മാനമായി കരുതിയ സ്മാർട്ട് ഫോൺ  അബ്ദുല്ലക്ക് നൽകുകയും ചെയ്തു.അശമന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി, മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വി പി ശശീന്ദ്രൻ, മറ്റ് ജനപ്രതിനിധികൾ,ഉദ്യോഗസ്ഥർ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here