പെരുമ്പാവൂര്‍: സംസ്ഥാനത്തെ ഭിന്നശേഷി കുടുംബങ്ങളുടെയും അംഗങ്ങളുടെയും സമ്പൂര്‍ണ്ണ ക്ഷേമത്തിനായി നൂതനമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുവാന്‍ സത്വര നടപടി സ്വീകരിക്കുമെന്ന്  പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേരള സ്റ്റേറ്റ് ഭിന്നശേഷി ക്ഷേമ രക്ഷാകര്‍തൃ സംഘടന തണല്‍പരിവാര്‍ സംസ്ഥാന കമ്മിറ്റിയുടെ അവകാശ പത്രിക സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം. നാസറില്‍ നിന്നും സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.ഭിന്നശേഷിക്കാരായ യുവതി യുവാക്കള്‍ക്ക് തൊഴില്‍ സംവിധാനം ഉറപ്പാക്കുവാനും ബഹു ഭിന്നശേഷിത്വമുള്ള കൂടുതല്‍ പ്രത്യേക പരിഗണന  വേണ്ടവര്‍ക്കും പ്രാഥമിക തലം മുതല്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് വരെ അര്‍ഹമായ പരിഗണനയും കരുതലും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്നും മന്ത്രി പറഞ്ഞു.കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ള തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരുടെ പരിചാരകര്‍ക്ക് നല്‍കുന്ന മുടങ്ങിക്കിടക്കുന്ന ആശ്വാസകിരണം പദ്ധതി തുക ഭിന്നശേഷിക്കാര്‍ക്ക് ഒറ്റ ഗഡുമായി ഓണത്തിന് മുമ്പ് വിതരണം ചെയ്യണമെന്നും ആശ്വാസ കിരണം പദ്ധതി തുക മിനിമം 1200 രൂപയായി ഉയര്‍ത്തുക, ഭിന്നശേഷി ക്ഷേമ പെന്‍ഷന്‍ 5000 രൂപയായി ഉയര്‍ത്തുക, ഭിന്നശേഷിക്കാര്‍ക്ക് സമ്പൂര്‍ണ്ണമായി നിരാമയ ഇന്‍ഷുറന്‍സ് തുക ക്യാഷ് ലെസ്സ് സ്‌കീം പ്രകാരം 5 ലക്ഷം ആക്കി ഉയര്‍ത്തുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നല്‍കുന്ന വാര്‍ഷിക വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്  തീവ്ര ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് 50,000 രൂപയായി ഉയര്‍ത്തി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന പഠനോപകരണങ്ങള്‍ കാലാനുസൃതമായി ഭേദഗതി ചെയ്യുക, സര്‍ക്കാര്‍ സ്വകാര്യ  ബസ്സുകളില്‍ ഭിന്നശേഷി വ്യക്തിക്കും മാതാപിതാക്കള്‍ക്കും ഉപാധിരഹിതമായ സൗജന്യ യാത്ര അനുവദിക്കുക, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റിയുള്ള അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ക്ക് അല്ലെങ്കില്‍ ഔദ്യോഗിക ലീഗല്‍ ഗാര്‍ഡിയന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള വ്യക്തിക്ക് സര്‍ക്കാര്‍ തലങ്ങളില്‍ ഉചിതമായ ജോലി ഉറപ്പാക്കുക, സെറിബ്രല്‍ പാല്‍സി ഓട്ടിസം , ഇന്റലക് ചൊല്‍  ഡിസെബിലിറ്റി, 100 ശതമാനം കാഴ്ചയില്ലാത്ത യുവതി യുവാക്കള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ എത്രയും വേഗം സ്‌പെഷ്യല്‍ നിയമനം നല്‍കുക, വ്യാജ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി ജോലി സമ്പാദിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക, ഭിന്നശേഷി വകുപ്പ് രൂപീകരിക്കുക, വിവിധങ്ങളായ ഭിന്നശേഷിക്കാര്‍ക്ക് ഗ്രേഡ് നിര്‍ണയിക്കുക, 60 ശതമാനത്തിനു മുകളില്‍ ഭിന്നശേഷിത്വമുള്ള കുട്ടികളോ വ്യക്തികളോ ഉള്ള കുടുംബങ്ങളെ വരുമാനം ഉള്‍പ്പെടെയുള്ളവ ഒഴിവാക്കി ഉപാധി രഹിതമായി ബിപിഎല്‍ റേഷന്‍ കാര്‍ഡ് ആയി പരിഗണിച്ച് ഭക്ഷ്യഭദ്രത സംവിധാനം ഉറപ്പാക്കുക, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി അവസ്ഥയിലുള്ള സവിശേഷ കലാ സാംസ്‌കാരിക സാഹിത്യ കഴിവുള്ള വ്യക്തികള്‍ക്ക് ഉപാധിരഹിതമായി സ്‌കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റും തൊഴില്‍ ഉറപ്പാക്കുക, പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ എല്‍ ഡി ക്ലാര്‍ക്കിന് തുല്യമായ ശമ്പള തുക പ്രത്യേക ഗ്രാന്‍ഡ് ആയി ഭിന്നശേഷി കുടുംബങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരണം, നിയമസഭ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിവിധ സഹകരണ സംഘങ്ങള്‍ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ ഇടങ്ങളിലും എല്ലാ വിഭാഗങ്ങളിലും പെട്ട ഭിന്നശേഷിക്കാര്‍ക്ക് നോമിനേഷനിലൂടെ അവസരം ഉറപ്പാക്കുക, അല്ലെങ്കില്‍ നിശ്ചിത സീറ്റുകള്‍ കൃത്യമായി ഭിന്നശേഷി സമൂഹത്തിലെ എല്ലാ വിഭാഗത്തിനും വേണ്ടി നീക്കിവെക്കാന്‍ അംഗീകൃത രാഷ്ട്രീയ കക്ഷികള്‍ക്ക് കര്‍ശനമായ നിര്‍ദ്ദേശം നല്‍കുക, രാഷ്ട്രീയപാര്‍ട്ടികളുടെ ഓഫീസുകള്‍ ഉള്‍പ്പെടെ മുഴുവന്‍ ഇടങ്ങളും ഭിന്നശേഷി സൗഹൃദം ആക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തണല്‍ പരിവാര്‍ സംസ്ഥാന കമ്മിറ്റി സര്‍ക്കാര്‍ മുമ്പാകെ അവകാശ പത്രിക സമര്‍പ്പിച്ചതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം. നാസര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here