പെരുമ്പാവൂർ∙ കൂവപ്പടിയിലെ എസ്‌സി ഫ്ലാറ്റ് സമുച്ചയം ഒരു പതിറ്റാണ്ടായി കാടു കയറിയും ജീർണിച്ചും നശിക്കുന്നു.കൂവപ്പടി പഞ്ചായത്തിലെ 12–്ം വാർഡ് കയ്യൂത്തിയാലിൽ പട്ടികജാതിക്കാർക്കായി 2 ഇരുനില ഫ്ലാറ്റുകൾ നിർമിക്കാൻ 2014-15 വർഷത്തിൽ പഞ്ചായത്ത് അംഗീകാരം നൽകി.രണ്ടു ഘട്ടത്തിലായി പൂർത്തീകരിക്കാൻ തീരുമാനിച്ച് 35 ലക്ഷത്തോളം രൂപ എസ്റ്റിമേറ്റും നിശ്ചയിച്ചു.ഗുണഭോക്തൃ സമിതിയുടെ ചുമതലയിൽ നിർമാണം 90% പൂർത്തിയാക്കി. പണികൾ പൂർത്തിയാക്കുന്നതിന് മുൻപ് തിരക്കിട്ട് ഉദ്ഘാടനം നടത്തിയ പഞ്ചായത്ത് തുടർന്ന് പണികൾ പൂർത്തീകരിച്ച് ഗുണഭോക്താക്കളെ നിശ്ചയിക്കാൻ തയാറായില്ല. സ്ഥലവും കെട്ടിടവും കാട് കയറി നശിച്ചു കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് തുക പട്ടികജാതി ഫണ്ടിൽ നിന്നു വിനിയോഗിച്ചിട്ടും പട്ടികജാതിക്കാർക്ക് പ്രയോജനവും ഇല്ലാതെ നശിക്കുന്ന വീടുകളുടെ വയറിങ്, പ്ലമിങ് ജോലികളുടെ ചെറിയ ഭാഗം മാത്രമേ പൂർത്തിയാകാനുള്ളു. നിർമാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറണം എന്നാവശ്യപ്പെട്ട് പഞ്ചായത്തിനെ സമീപിച്ചുവെങ്കിലും നടപടിയുണ്ടായില്ല. ഈ ആവശ്യം ഉന്നയിച്ച് പട്ടികജാതി ഐക്യവേദിയുടെ നേതൃത്വത്തിൽ 11ന് കലക്ടറേറ്റിന് മുൻപിൽ ധർണ നടത്തും.പട്ടികജാതി ഐക്യവേദി യോഗം കെപിഎംഎസ് സംസ്ഥാന സമിതി അംഗം കെ.എ. സിബി ഉദ്ഘാടനം ചെയ്‌തു. കൺവീനർ ഇ.കെ.ഷൺമുഖൻ അധ്യക്ഷത വഹിച്ചു.സി.കെ.പ്രസന്നൻ, ടി.എ.രാജൻ, എൻ.കെ.സുരേഷ് കുമാർ, സി.വി. ബാലകൃഷ്ണൻ, എ. തങ്കപ്പൻ, പി.പി.മുരുകൻ, അരുൺകുമാർ, എൻ.കെ.പ്രഭാകരൻ, സി.കെ.സനൽ, കെ.രാജൻ എന്നിവർ പ്രസംഗിച്ചു.