പെരുമ്പാവൂര്‍: കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന് കീഴിലുള്ള 14 യന്ത്രവല്‍കൃത പനമ്പ് നെയ്ത്തു കേന്ദ്രങ്ങളില്‍ നാലു കേന്ദ്രങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ള കേന്ദ്രങ്ങളിലേക്ക് ഈറ്റ വിതരണം ചെയ്യാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഈറ്റ കിട്ടിക്കൊണ്ടിരുന്ന ഏതാനും മലകളിലെ ഈറ്റ പൂത്തു നശിച്ചത് കൊണ്ട് പനമ്പു നെയ്ത്തിനു പറ്റിയ ഈറ്റ ലഭിക്കുന്നില്ലാ എന്നാണ് അധികൃതര്‍ പറയുന്നത്. ഇപ്പോള്‍ രണ്ടു മലകളില്‍ നിന്നും മാത്രമാണ് ഈറ്റ ലഭിക്കുന്നതെന്ന് പറയുന്നു. എന്നാല്‍ വരുന്ന ഈറ്റയില്‍ ഭൂരിഭാഗവും പരമ്പരാഗതമായി കുട്ട, വട്ടി എന്നിവ ഉണ്ടാക്കുന്നവര്‍ക്ക് നിശ്ചിത വിലയ്ക്ക് വിതരണം ചെയ്യുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ വിവിധ സ്ഥലങ്ങളിലായി യന്ത്രവല്‍കൃത യൂണിറ്റുകള്‍ വഴി പനമ്പു നെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ ഈറ്റ കിട്ടാത്തത് കൊണ്ട് പനമ്പു നെയ്യാന്‍ സാധിക്കുന്നില്ല. 9 മാസത്തോളമായി ഇവര്‍ക്ക് ഈറ്റ ലഭിച്ചിട്ട്. നെയ്ത്തു കേന്ദ്രങ്ങളിലെ ലക്ഷക്കണക്കിന് വില വരുന്ന യന്ത്രങ്ങളും ഉപയോഗശൂന്യമായി കൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ പുതിയ വ്യവസായങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുമ്പോഴും നാമമാത്രമായ വരുമാനം ലഭിക്കുന്ന സാധാരണക്കാരായ നെയ്ത്തുകാര്‍ക്ക് ഈറ്റ എത്തിച്ചുകൊടുത്തു പനമ്പ് നെയ്ത്ത് തുടങ്ങാത്തത് പ്രതിഷേധാര്‍ഹമാണ്. വൈവിധ്യവല്‍ക്കരണത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ ചെലവാക്കിയെങ്കിലും അതൊന്നും നടപ്പിലായിട്ടില്ല. നിലവിലുള്ള ബാംബൂ ബോര്‍ഡ് ഫാക്ടറി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. കൂടുതല്‍ മലകളില്‍ നിന്ന് ഈറ്റ ശേഖരിച്ച് നിലവിലുള്ള എല്ലാം നെയ്ത്തു കേന്ദ്രങ്ങളും പ്രവര്‍ത്തിപ്പിക്കണമെന്ന് പൊതുപ്രവര്‍ത്തകനായ ദേവച്ചന്‍ പടയാട്ടില്‍ മുഖ്യമന്ത്രിക്കും വ്യവസായ വകുപ്പ് മന്ത്രിക്കും പരാതി നല്‍കി.