പെരുമ്പാവൂർ: എംസി റോഡിൽ കാലടിപ്പാലം മുതൽ മുവാറ്റുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ ആറൂർ വരെ കഴിഞ്ഞ 5 വർഷക്കാലം 1502 വാഹനാപകടങ്ങളുണ്ടായതായും ഈ അപകടങ്ങളിൽ 178 ആളുകൾ മരണപ്പെട്ടതായും വിവരാവകാശ രേഖ.
പരിസ്ഥിതിസംരണ കർമ്മ സമിതി ചെയർമാൻ വർഗീസ് പുല്ലുവഴിക്ക് പെരുമ്പാവൂർ, കുറുപ്പംപടി, കുന്നത്തുനാട്, മുവാറ്റുപുഴ പോലിസ് സ്റ്റേഷൻ അധികൃതർ നൽകിയ വിവരാവകാശരേഖകൾ പ്രകാരം എംസി റോഡിൽ കാലടിപ്പാലത്തിനും മണ്ണൂരിനും ഇടയിലാണ് കൂടുതൽ അപകടങ്ങൾ സംഭവിച്ചത്.
പെരുമ്പാവൂർ പോലീസ് സ്റ്റേഷന്റെ പരധിയിൽ ഉൾപ്പെടുന്ന കാലടിപ്പാലം മുതൽ വട്ടക്കാട്ടുപടി വരെയുള്ള 9കി.മീ. ദൂരം വരുന്ന പ്രദേശത്ത് കഴിഞ്ഞ 5 വർഷത്തിനിടയിൽ 576 വാഹനാപകടങ്ങളും 95 മരണങ്ങളും സംഭവിച്ചതായി പോലീസ് സ്റ്റേഷൻ അധികൃതർ നൽകിയ വിവരാവകാശ രേഖയിൽ പറയുന്നു.
കുറുപ്പംപടി പോലിസ് സ്റ്റേഷൻ പരിധിയിൽ വരുന്ന വട്ടക്കാട്ടുപടിക്കും മണ്ണൂരിനും ഇടയിലുളള 9 കി.മി.ഭാഗത്ത് കഴിഞ്ഞ അഞ്ച് വർഷ കാലയളവിൽ 332 വാഹനാപകടങ്ങളുണ്ടായതായും 41 പേർ മരണപ്പെട്ടതായും പോലീസ് സ്റ്റേഷൻ അധികതർ നൽകിയ വിവരാവകാശരേഖയിൽ അറിയിച്ചു.
എംസി റോഡിലെ മണ്ണൂർ ജംഗ്ഷൻ ഉൾപ്പെടുന്ന ഭാഗത്ത് ഈ കാലയളവിൽ 22 അപകടങ്ങളും 2 മരണങ്ങളും സംഭവിച്ചതായി കുന്നത്തുനാട് പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
കാലടിപ്പാലം മുതൽ മണ്ണൂർ വരെയുള്ള പെരുമ്പാവൂർ, കുറുപ്പംപടി, കുന്നത്തനാട് സ്റ്റേഷനുകളുടെ പരധിയിൽ വരുന്ന എംസി റോഡിലെ18 കി.മീ. പ്രദേശത്ത് നടന്ന 930 വാഹനാപകടങ്ങളിൽ 138 ആളുകളാണ് മരണപ്പെട്ടത്.
എന്നാൽ, മുവാറ്റുപുഴ പോലിസ് സ്റ്റേഷൻ പരിധിയിൽ വരുന്ന എംസി റോഡിലെ മണ്ണൂരിനും ആറൂരിനും ഇടയിലുള്ള 22കി.മീ.ദൂരം വരുന്ന പ്രദേശത്ത് റോഡ് അപകടങ്ങൾ കുറവുള്ളതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
മുവാറ്റുപുഴ പോലീസ് സ്റ്റേഷൻ അധികൃതർ നൽകിയ വിവരങ്ങൾ പ്രകാരം കഴിഞ്ഞ 5 വർഷത്തിനിടയിൽ ഈ മേഖലയിൽ സംഭവിച്ച 572 വാഹനാപകടങ്ങളിൽ 40 പേർ മരണപ്പെട്ടു.
കാലടിപ്പാലം മുതൽ ആറൂർ വരെയുള്ള എംസി റോഡിലെ 40കി.മീ ദൂരംവരുന്ന പ്രദേശത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലുണ്ടായ അപകടങ്ങളിൽ 178 പേർ മരണപ്പെട്ടതോടൊപ്പം അംഗഭംഗം വന്നവരും ചലനശേഷി നഷ്ടപ്പെട്ടവരും ഗുരുതരമായ പരിക്കുകളേറ്റ് ആരോഗ്യഹാനി സംഭവിച്ചവരും അനേകരാണ്.
എം.സി.റോഡിലെ അപകടങ്ങളുടെ തീവ്രത കണക്കിലെടുത്ത് റോഡ് സുരക്ഷക്കാവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് പരിസ്ഥിതി സംരക്ഷണ കർമ്മസമിതി ആവശ്യപ്പെട്ടു.
What do you feel about this post?

Like

Love

Happy

Haha

Sad











