പെരുമ്പാവൂർ: പെരുമ്പാവൂർ, തടിയറ്റപറമ്പ് പോലീസ് സ്റ്റേഷൻ പരിധികളിലെ മസ്ജിദുകൾ കേന്ദ്രീകരിച്ച് വൻ മോഷണ പരമ്പര. വിശ്വാസികൾ അംഗശുദ്ധി വരുത്തുന്നതിനായി സ്ഥാപിച്ചിട്ടുള്ള വിലപിടിപ്പുള്ള സ്റ്റീൽ വാട്ടർ ടാപ്പുകളാണ് രാത്രിയുടെ മറവിൽ വ്യാപകമായി കവർച്ച ചെയ്യുന്നത്. ആലുവ-മൂന്നാർ, ആലുവ-പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റോഡരികുകളിലെ ആരാധനാലയങ്ങളാണ് പ്രധാനമായും മോഷണ സംഘങ്ങളുടെ ഇരയാകുന്നത്. മുടിക്കൽ ജുമാ മസ്ജിദ്, വാഴക്കുളം, എം.എച്ച് കവല ചിറമുകൾ മസ്ജിദ്, ചെമ്പകക്കി, പോങ്ങാശ്ശേരി, നായരുപീടിക എന്നിവിടങ്ങളിലെ പള്ളികളിൽ പുലർച്ചെ നമസ്കാരത്തിന് മുമ്പായി ടാപ്പുകൾ പൂർണ്ണമായും അഴിച്ചുമാറ്റിയ നിലയിലാണ് കണ്ടെത്തിയത്. പോലീസിൽ പരാതി നൽകിയ ശേഷവും യാതൊരു കൂസലുമില്ലാതെ പോഞ്ഞശ്ശേരി സെൻട്രൽ പള്ളിയിലും, പാലക്കാട്ടുതാഴം പാലം ജംഗ്ഷനിലെ തഖ്വ പള്ളിയിലും മോഷണം ആവർത്തിച്ചത് പ്രദേശത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.മുമ്പ് വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വാട്ടർ മീറ്ററുകളും, പ്ലംബിംഗ്-ഇലക്ട്രിക് സാമഗ്രികളും, എയർ കണ്ടീഷണറുകളിലെ ചെമ്പ് കോയിലുകളും വ്യാപകമായി കളവ് പോയിരുന്നു. പകൽ സമയങ്ങളിൽ ആക്രി പെറുക്കാനെന്ന വ്യാജേന കറങ്ങിനടക്കുന്ന ലഹരിക്ക് അടിമപ്പെട്ട സംഘങ്ങളാണ് ഇത്തരം മോഷണങ്ങൾക്ക് പിന്നിലെന്നാണ് സൂചന. മയക്കുമരുന്ന് മാഫിയകൾക്കെതിരെ പോലീസ് ശക്തമായ നടപടികൾ സ്വീകരിച്ചതോടെ, ലഹരി വാങ്ങാൻ പണം കണ്ടെത്താനായി ഇക്കൂട്ടർ ആരാധനാലയങ്ങൾ പോലും ലക്ഷ്യമിട്ട് മോഷണത്തിലേക്ക് തിരിയുകയാണെന്ന് കരുതപ്പെടുന്നു. മേഖലയിൽ രാത്രികാല പോലീസ് പട്രോളിംഗ് അടിയന്തരമായി ശക്തമാക്കണമെന്നും, മോഷ്ടാക്കളെയും മോഷ്ടിച്ച സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ആക്രിക്കടകളെയും കണ്ടെത്തി കർശന നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകൻ എം.ബി. ഹംസ എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
![]()
What do you feel about this post?

Like

Love

Happy

Haha

Sad











