മോഹൻലാലിന്റെ ഡ്രൈവറിൽ നിന്ന് സാമ്രാജ്യത്തിന്റെ നിർമാതാവിലേക്ക്: ആന്റണി പെരുമ്പാവൂരിന്റെ അവിശ്വസനീയ വിജയഗാഥ

ഒരു സിനിമ വമ്പൻ വിജയമാകുമ്പോൾ അതിൻ്റെ കൈയടികൾ മുഴുവൻ ഏറ്റുവാങ്ങുന്നത് സംവിധായകരും അഭിനേതാക്കളുമാണ്. എന്നാൽ, ക്യാമറയ്ക്ക് പിന്നിൽ നിശബ്ദമായി പ്രവർത്തിച്ച് വിജയത്തിന് അടിത്തറയിടുന്ന നിർമാതാക്കളുടെ അധ്വാനത്തിന്റെ കഥകൾ പലപ്പോഴും വേണ്ടത്ര ആഘോഷിക്കപ്പെടാറില്ല. മലയാള സിനിമാ ചരിത്രത്തിലെ അത്തരമൊരു അപൂർവവും പ്രചോദനാത്മകവുമായ വിജയഗാഥയാണ് ആന്റണി പെരുമ്പാവൂരിന്റേത്. സൂപ്പർതാരം മോഹൻലാലിന്റെ ഡ്രൈവറായി യാത്ര തുടങ്ങി, ഇന്ന് മലയാളത്തിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസുകളിലൊന്നിന്റെ അമരക്കാരനായി വളർന്ന അത്ഭുത പ്രയാണം!

എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സ്വദേശിയായ മലേകുടി ജോസഫ് ആന്റണി ഒരു നിർമാതാവാകാൻ ആഗ്രഹിച്ച് സിനിമയിലെത്തിയ ആളല്ല. 1988-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘പട്ടണപ്രവേശം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മോഹൻലാലിന് ഡ്രൈവറെ ആവശ്യമായി വന്നപ്പോഴാണ് ആന്റണി ആ വാഹനത്തിന്റെ സ്റ്റീയറിംഗ് പിടിക്കുന്നത്. എന്നാൽ ആ ജോലി വെറും 22 ദിവസമേ നീണ്ടുനിന്നുള്ളൂ.അതിനുശേഷം, ‘മൂന്നാംമുറ’ എന്ന സിനിമയുടെ സെറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കാഴ്ചക്കാരനായി എത്തിയ ആന്റണിയെ മോഹൻലാൽ തിരിച്ചറിഞ്ഞ് അരികിലേക്ക് വിളിച്ചു. ആ ചിത്രത്തിലും ഒപ്പം കൂടാൻ ആവശ്യപ്പെട്ടു. ആന്റണിയുടെ ആത്മാർത്ഥതയും അളവറ്റ വിശ്വസ്തതയും മോഹൻലാലിനെ ആകർഷിച്ചു. ഒടുവിൽ “ആന്റണി… നീ എന്നോടൊപ്പം കൂടിക്കോ” എന്ന ആ ഒറ്റ വാക്ക്, മലയാള സിനിമയെത്തന്നെ മാറ്റിമറിച്ച ഒരു വലിയ സൗഹൃദത്തിന്റെ തുടക്കമായിരുന്നു.

മോഹൻലാൽ തന്റെ ജീവനോളം കരുതുന്ന ബന്ധമാണ് ആന്റണിയുമായുള്ളത്. ലാലേട്ടൻ മുൻപൊരിക്കൽ പറഞ്ഞ വാക്കുകൾ ഈ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു:

“എന്റെ ഭാര്യ സുചിത്രയും ആന്റണിയും ഏകദേശം ഒരേ സമയത്താണ് എന്റെ ജീവിതത്തിലേക്ക് വന്നത്. ചിലപ്പോൾ ഭാര്യയെക്കാൾ ആന്റണിയെയാണ് ഞാൻ കൂടുതൽ സ്നേഹിക്കുന്നതെന്ന് അവൾക്ക് തോന്നാറുണ്ട്. കാരണം ദിവസത്തിൽ കൂടുതൽ സമയവും ഞാൻ ചെലവഴിക്കുന്നത് ആന്റണിക്കൊപ്പമാണ്. എന്റെ സിനിമാ ജീവിതത്തിലെ എല്ലാ വിജയങ്ങൾക്ക് പിന്നിലും ആന്റണിയുണ്ട്. എന്റെ അവസാന ശ്വാസം വരെ ആന്റണി എനിക്കൊപ്പമുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.”

1999-ൽ സ്വന്തമായി സിനിമകൾ നിർമിക്കുന്നത് അവസാനിപ്പിച്ച ശേഷം, നിർമാണ രംഗത്തേക്ക് നേരിട്ടിറങ്ങാൻ ആന്റണിയെ പ്രോത്സാഹിപ്പിച്ചത് മോഹൻലാലാണ്. അങ്ങനെ 2000-ൽ ‘ആശിർവാദ് സിനിമാസ്’ പിറവിയെടുത്തു.

ഷാജി കൈലാസ് സംവിധാനം ചെയ്ത ‘നരസിംഹം’ ആയിരുന്നു ആദ്യ ചിത്രം. വെറും ഒരു കോടി രൂപ ചെലവിൽ നിർമിച്ച ചിത്രം 22 കോടിയോളം കളക്ഷൻ നേടി മലയാളത്തിലെ എക്കാലത്തെയും വലിയ ഇൻഡസ്ട്രി ഹിറ്റുകളിലൊന്നായി മാറിയത് ചരിത്രം. തുടർന്നിങ്ങോട്ട് ‘രാവണപ്രഭു’, ‘നരൻ’, ‘രസതന്ത്രം’, ‘ദൃശ്യം’, ‘ഒപ്പം’, ‘ലൂസിഫർ’, ‘ദൃശ്യം 2’, ‘മരക്കാർ’, ‘ബ്രോ ഡാഡി’, ‘എൽ2: എമ്പുരാൻ’, ‘ഹൃദയപൂർവ്വം’, ‘ദൃശ്യം 3’ തുടങ്ങി മലയാള സിനിമയിലെ റെക്കോർഡുകൾ തിരുത്തിക്കുറിച്ച നിരവധിയേറെ ചിത്രങ്ങൾ ആശിർവാദിന്റെ ബാനറിൽ പുറത്തിറങ്ങി.

മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലിനെ ‘ആദി’യിലൂടെ നായകനായി അരങ്ങേറാൻ വഴിയൊരുക്കിയതും, മകൾ വിസ്മയയുടെ അരങ്ങേറ്റ ചിത്രമായ ‘തുടക്കം’ നിർമിക്കുന്നതും ആന്റണി തന്നെയാണ്. മോഹൻലാലിന്റെ കുടുംബത്തിന്റെ എല്ലാ കാര്യങ്ങളിലും വിശ്വസ്തനായ ഒരു കാവലാളായി അദ്ദേഹം നിലകൊള്ളുന്നു.

ഇന്നും സിനിമാ സെറ്റുകളിൽ നേരിട്ടെത്തി കാര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുന്ന, സാങ്കേതികവും സാമ്പത്തികവുമായ കാര്യങ്ങൾ ഒരുപോലെ കൈകാര്യം ചെയ്യുന്ന മാതൃകാ നിർമാതാവാണ് ആന്റണി പെരുമ്പാവൂർ. കഴിവുണ്ടായിട്ടും കാര്യമില്ല, ആത്മാർത്ഥതയും വിശ്വാസ്യതയുമുണ്ടെങ്കിൽ ഒരാൾക്ക് എത്ര ഉയരത്തിൽ എത്താമെന്നതിന്റെ ജീവിക്കുന്ന തെളിവാണ് ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായ ഈ പെരുമ്പാവൂർക്കാരൻ.

Loading

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top